ന്യൂഡൽഹി: 2021ലെ ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യക്ക് 101-ാം സ്ഥാനം നൽകിയതിനെതിരെ കേന്ദ്ര സർക്കാർ. 116 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് 101ാം സ്ഥാനം ലഭിച്ചിരിക്കുന്നത്.
പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷം 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് പോയിന്‍റ് ഇടിവാണ് ഈ വർഷം സൂചികയിൽ ഉണ്ടായിരിക്കുന്നത്.
ഐറിഷ് ഏജൻസിയായ കൺസേൺ വേൾഡ് വൈഡ്, ജർമൻ സംഘടനയായ വെൽറ്റ് ഹംഗർ ഹൈൽഫ് എന്നിവർ ചേർന്നാണ് സൂചിക തയാറാക്കിയിട്ടുള്ളത്.
പട്ടികയിലെ ഇന്ത്യയുടെ റാങ്കിനെ അപലപിച്ച് വനിതാ ശിശു ക്ഷേമ മന്ത്രാലയം രംഗത്ത് വന്നിരുന്നു. പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം സംബന്ധിച്ച ഭക്ഷ്യ-കാർഷിക സംഘടനയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയിൽ ഇന്ത്യയുടെ റാങ്കിന് ഇടിവുവന്നത് ഞെട്ടിക്കുന്നതാണെന്നും കണക്കുകൾ യാഥാർത്ഥ്യങ്ങൾക്കും വസ്‌തുതകൾക്കും നിരക്കാത്തതാണെന്നും വനിതാ ശിശു ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.
കണക്കുകൾ കണ്ടെത്തുന്നതിനായി ഭക്ഷ്യ-കാർഷിക സംഘടന ഉപയോഗിച്ച രീതി അശാസ്‌ത്രീയമാണെന്നും പ്രസ്‌താവനയിൽ പറയുന്നു. ടെലിഫോണിലൂടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്‍റെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ നടത്തിയതെന്നും ഈ കാലയളവിൽ ആളോഹരി ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത പോലെ പോഷകാഹാരക്കുറവ് അളക്കാൻ ശാസ്ത്രീയമായ ഒരു രീതിയും ഇല്ല എന്നും മന്ത്രാലയം പറയുന്നു.
കൊവിഡ് കാലഘട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്‍റെ പരിശ്രമങ്ങളെ റിപ്പോർട്ട് പൂർണമായും അവഗണിച്ചുവെന്ന് കേന്ദ്ര സർക്കാർ പറയുന്നു. സർക്കാരിൽ നിന്നോ മറ്റ് സ്രോതസുകളിൽ നിന്നോ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തയാൾക്ക് എന്തെങ്കിലും തരത്തിലുള്ള ഭക്ഷ്യസഹായം ലഭിച്ചോ എന്നത് സംബന്ധിച്ച ഒരു ചോദ്യവും ഉണ്ടായില്ലെന്നും മന്ത്രാലയം അഭിപ്രായപ്പെടുന്നു.
പട്ടിണി ഇല്ലാതാക്കാനും ദാരിദ്ര്യം കുറക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കുറിച്ച് പൊതുമേഖലയിൽ ലഭ്യമായ വസ്‌തുതകൾ പരിശോധിക്കണമെന്നും ആഗോള വിശപ്പ് സൂചികയുടെ പ്രസാദകരോട് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
റിപ്പോർട്ട് പ്രകാരം ശിശുമരണ നിരക്കിലെ ഇന്ത്യയുടെ സ്ഥാനം 2020നെ അപേക്ഷിച്ച് 2021ൽ മെച്ചപ്പെട്ടിട്ടുണ്ട്.
Also Read: 'എൻആർസി തയാറാക്കണം, ജനസംഖ്യ നയം പരിഷ്‌കരിക്കണം'; വീണ്ടും വിവാദ പരാമർശവുമായി മോഹൻ ഭാഗവത്