മുംബൈ:ലോകം ഒരുപോലെ ഉറ്റുനോക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് സെമി ഫൈനല്‍ വാങ്കഡെയില്‍ പുരോഗമിക്കുമ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച് പിച്ചും. സെമി ഫൈനല്‍ നടക്കാനിരുന്ന പിച്ചില്‍ മാറ്റിത്തിരുത്തല്‍ വരുത്തിയെന്ന ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്. അതായത് സ്‌റ്റേഡിയത്തിന്‍റെ മധ്യത്തിലായുള്ള ഏഴാം നമ്പര്‍ പിച്ചില്‍ നടക്കേണ്ടിയിരുന്ന മത്സരം ടീം മാനേജ്‌മെന്‍റിന്‍റെ അഭ്യര്‍ഥന പ്രകാരം ആറാം നമ്പര്‍ പിച്ചിലേക്ക് മാറ്റിയെന്നതായിരുന്നു ദി ഡെയ്‌ലി മെയിലിന്‍റെ ആരോപണം.
നോക്കൗട്ട് മത്സരങ്ങള്‍ പുത്തന്‍ പിച്ചിലായിരിക്കണമെന്ന് ഐസിസി നിര്‍ദേശങ്ങളിലില്ല. മാത്രമല്ല, മത്സര വേദികൾ നടക്കാനിരിക്കുന്ന മത്സരത്തിന് സാധ്യമായ ഏറ്റവും മികച്ച പിച്ചും ഔട്ട്ഫീൽഡ് സാഹചര്യങ്ങളും ലഭ്യമാക്കണമെന്നാണ് ഐസിസി റൂള്‍ബുക്ക് അനുശാസിക്കുന്നതും. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന വിവാദങ്ങള്‍ക്ക് കഴമ്പില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.
കൂടാതെ ഇതാദ്യമായല്ല ഉപയോഗിച്ച പിച്ചില്‍ തന്നെ നോക്കൗട്ട് മത്സരങ്ങള്‍ നടക്കുന്നത്. മുമ്പ് 2022 ടി20 സെമിഫൈനലുകള്‍ അഡ്‌ലെയ്‌ഡ് ഓവലിലെയും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെയും ഉപയോഗിച്ച പിച്ചുകളില്‍ തന്നെയായിരുന്നു നടന്നത്.
എന്തായിരുന്നു ആ ആരോപണം: വാങ്കഡെ സ്‌റ്റേഡിയത്തിന്‍റെ മധ്യനിരയിലായുള്ള ഏഴാം നമ്പര്‍ പിച്ചിലായി ആദ്യം നടത്താൻ നിശ്ചയിച്ചിരുന്ന സെമി ഫൈനൽ മത്സരം ടീം മാനേജ്‌മെന്‍റിന്‍റെ അഭ്യർഥന പ്രകാരം ആറാം നമ്പര്‍ പിച്ചിലേക്ക് മാറ്റിയെന്നായിരുന്നു ദി ഡെയ്‌ലി മെയ്‌ലിന്‍റെ റിപ്പോര്‍ട്ട് ഉയര്‍ത്തിയ ആരോപണം. മത്സരത്തിന്‍റെ തലേന്ന് വൈകുന്നേരത്തോടെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പിച്ചിലെത്തി ദീര്‍ഘനേരം നീരീക്ഷിച്ചിരുന്നു. കൂടാതെ ഏറ്റവുമൊടുവില്‍ നടന്ന ഇന്ത്യ നെതര്‍ലന്‍ഡ്‌സ് മത്സരത്തിന് പിന്നാലെ ഗ്രൗണ്ടിലെ പുല്ല് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Also Read: ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമിഫൈനലിന് ഭീഷണി ; അന്വേഷണം തുടങ്ങി മുംബൈ പൊലീസ്
പിച്ച് തെരഞ്ഞെടുപ്പ് സുതാര്യമോ:അതേസമയം ശ്രീലങ്കയെ ഇന്ത്യ 302 റണ്‍സിന് തകര്‍ത്തെറിഞ്ഞ മത്സരമുള്‍പ്പടെ രണ്ട് ലീഗ് ഘട്ട മത്സരങ്ങള്‍ ഈ ആറാം നമ്പര്‍ പിച്ചില്‍ നടന്നിരുന്നു. എന്നാല്‍ ഏഴാം നമ്പര്‍ പിച്ചില്‍ ഇതേവരെ മത്സരം നടന്നിരുന്നില്ല. മാത്രമല്ല ലോകകപ്പിനുള്ള ഐസിസി പ്ലേയിങ് മാനുവല്‍ പ്രകാരം, പിച്ച് തെരഞ്ഞെടുക്കുന്നതിനും തയ്യാറാക്കുന്നതിനും അതാത് ഗ്രൗണ്ട് അതോറിറ്റിക്കാണ് ഉത്തരവാദിത്തമുള്ളത്.
ഇതുപ്രകാരം വാങ്കഡെയില്‍ ഈ ചുമതല മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ്. ഇതില്‍ തന്നെ സുതാര്യത നിലനിര്‍ത്തുന്നതിനായി പ്രാദേശിക ഗ്രൗണ്ട് സ്‌റ്റാഫിനൊപ്പം ഐസിസിയുടേതായി ഒരു സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്‍റും കാണും. നിലവില്‍ ആന്‍ഡി അറ്റ്‌കിന്‍സനാണ് ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്‍റ്.
ആതിഥേയര്‍ക്ക് ഗുണം ചെയ്‌തോ:ആരോപണമുയര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിനൊപ്പം പിച്ച് മാറ്റിയ നടപടിയില്‍ അതൃപ്‌തി അറിയിക്കുന്ന തരത്തില്‍ അറ്റ്കിൻസന്‍റേതായുള്ള ഇ-മെയിലും ഡെയ്‌ലി മെയിൽ പുറത്തുവിട്ടിരുന്നു. ടീം മാനേജ്‌മെന്‍റിന്‍റെയോ അല്ലെങ്കില്‍ സംഘാടകരായ രാജ്യത്തിന്‍റെ അധികാരശ്രേണിയോ പരിഗണിച്ച് അവരുടെ നിബന്ധനകള്‍ക്കനുസരിച്ച് പിച്ച് തയ്യാറാക്കുന്ന ആദ്യ ലോകകപ്പ് ഫൈനലാകുമോ ഇതെന്ന് സംശയിക്കുന്നു. എന്നാല്‍ ഇരു ടീമുകൾക്കും അനുകൂലമായി തെരഞ്ഞെടുക്കപ്പെടുകയോ തയ്യാറാക്കുകയോ ചെയ്‌ത പിച്ചാണെങ്കില്‍ അതില്‍ ചോദ്യമുദിക്കുന്നില്ലെന്നും അറ്റ്‌കിന്‍സന്‍റേതായുള്ള മെയിലില്‍ പറയുന്നുണ്ട്.
അതേസമയം ചൂടുപിടിക്കുന്ന പിച്ച് വിവാദത്തെ കുറിച്ച് ന്യൂസിലന്‍ഡ് ടീം ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. കാരണം കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണും ടീം മാനേജറും, കഴിഞ്ഞദിവസം രാഹുല്‍ ദ്രാവിഡ് പിച്ച് നിരീക്ഷിക്കാനെത്തിയ വേളയിലെത്തി ഒരുപോലെ പിച്ചിന്‍റെ സ്ഥിതി നിരീക്ഷിച്ചിരുന്നു.