ന്യൂഡൽഹി : എൽ നിനോ (El Nino) പ്രതിഭാസവും മറ്റ് പ്രതികൂല സാഹചര്യങ്ങളും ഓഗസ്റ്റിൽ മഴയുടെ തോത് കുറയ്‌ക്കുമെങ്കിലും ജൂലൈയിൽ അധിക മഴ പെയ്‌തതിനാൽ തന്നെ മണ്‍സൂണ്‍ സീസണിന്‍റെ രണ്ടാം പകുതിയിൽ (ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ) ഇന്ത്യയിൽ സാധാരണ തോതില്‍ മഴ രേഖപ്പെടുത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു.
എൽ നിനോ പ്രതിഭാസം കാരണം തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്ര ജലത്തിന്‍റെ ചൂട് വർധിക്കുന്നത് ഇതുവരെ മൺസൂണിനെ ബാധിച്ചിട്ടില്ല. ഇതിന്‍റെ സ്വാധീനം മൺസൂണിന്‍റെ രണ്ടാം ഘട്ടത്തിൽ ദൃശ്യമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൽ നിനോ, പൊതുവെ ദുർബലമാകുന്ന മൺസൂൺ കാറ്റുമായും ഇന്ത്യയിലെ വരണ്ട കാലാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ രണ്ടാം പകുതിയെ എൽ നിനോ ബാധിച്ചേക്കുമെന്ന് ഐഎംഡി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് സാധാരണ നിലയെക്കാൾ (422.8 മില്ലിമീറ്റർ) കുറവായിരിക്കുമെന്നും (94 ശതമാനം മുതൽ 99 ശതമാനം വരെ) ഐഎംഡി ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റിൽ മഴ സാധാരണ നിലയിലായിരിക്കുമെന്നും എന്നാൽ സെപ്‌റ്റംബറിൽ സ്ഥിതി താരതമ്യേന മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎംഡി പറഞ്ഞു.
ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതിക്ക് സാധാരണ മഴ വളരെ നിർണായകമാണ്. രാജ്യത്ത് കൃഷിയുടെ 52 ശതമാനവും മഴയെയാണ് ആശ്രയിക്കുന്നത്. കൂടാതെ രാജ്യത്തുടനീളമുള്ള കുടിവെള്ളത്തിനും വൈദ്യുതി ഉൽപാദനത്തിനും ആവശ്യമായ ജല ലഭ്യതയും മഴയെ ആശ്രയിച്ചാണ്. കിഴക്കൻ-മധ്യ ഇന്ത്യയിലും കിഴക്ക്, വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഹിമാലയത്തിലെ മിക്ക ഉപവിഭാഗങ്ങളിലും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാധാരണയിലും കൂടുതലുള്ള മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പറഞ്ഞു. കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ ഈ സീസണിൽ ഇതുവരെ 25 ശതമാനം വരെ മഴ കുറവാണ്.