ന്യൂഡല്‍ഹി: യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. സുമിയില്‍ കുടുങ്ങിയ 694 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എഴുന്നൂറോളം പേര്‍ പ്രത്യേക ട്രെയിനിൽ പോളണ്ട് അതിര്‍ത്തിയിലെത്തി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ പ്രത്യേക വിമാനങ്ങളില്‍ ഇവരെ ഡല്‍ഹിയിലെത്തിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഇരുനൂറോളം പേർ മലയാളികളാണ്.
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് സുമിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. സുമിയിൽ നിന്ന് ചൊവ്വാഴ്‌ച പുറപ്പെട്ട ഇന്ത്യൻ വിദ്യാർഥികൾ പോള്‍ട്ടാവയിലെത്തിയ ശേഷം ലിവിവ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുറമേ പാകിസ്ഥാന്‍, നേപ്പാള്‍, തുനീസിയ, ബംഗ്ലാദേശ് എന്നിവിടിങ്ങളില്‍ നിന്നുള്ള 17 പേരെയും ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.