ന്യൂഡൽഹി: ഇന്ത്യയും ജപ്പാനും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ '2+2' സംഭാഷണ മാതൃകയിലുള്ള കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനം ടോക്കിയോയിലാവും മീറ്റിങ് നടക്കുക.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ജപ്പാൻ വിദേശകാര്യമന്ത്രി മോടെഗി ടോഷിമിറ്റ്സു, പ്രതിരോധമന്ത്രി കിഷി നോബുവോ എന്നിവരാവും മീറ്റിങിൽ പങ്കെടുക്കുക. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള രണ്ടാമത്തെ 2+2 മീറ്റിങ്ങാവും ഇത്. 2019 നവംബർ 30ന് ഡൽഹിയിലാണ് ആദ്യ മീറ്റിങ് നടന്നത്.
തർക്കത്തിലുള്ള പൂർവ്വ, ദക്ഷിണ ചൈന സമുദ്രങ്ങളിൽ ചൈന പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴാണ് ഇരു രാജ്യങ്ങളും കൂടിക്കാഴ്ച നടത്തുന്നത്. അടിസ്ഥാന മൂല്യങ്ങൾ പങ്കുവെക്കുന്ന സഖ്യകക്ഷിയായാണ് ജപ്പാൻ സർക്കാർ ഇന്ത്യയെ കാണുന്നതെന്നും ചൈന തന്‍റെ പ്രവർത്തനം ശക്തമാക്കിയ സാഹചര്യത്തിൽ സ്വതന്ത്രവും തടസമില്ലാത്തതുമായ ഇന്തോ-പസഫിക്കിനു വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യക്ക് സഹായിക്കാൻ കഴിയുമെന്നും ജപ്പാൻ മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ മാസം ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവരടങ്ങുന്ന ക്വാഡ് സഖ്യത്തിന്‍റെ നേതാക്കൾ ആദ്യ ഉച്ചകോടിയിൽ സ്വതന്ത്രവും തടസമില്ലാത്തതുമായ ഇന്തോ-പസഫിക് മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.