ഹൈദരാബാദ്: ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്‌ക്ക് മികച്ച സ്ഥാനം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരു രാജ്യത്തെയും മാറ്റി നിര്‍ത്താറില്ലെന്നും അദ്ദേഹം വാൾസ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യയും യുഎസും തമ്മിലും ഇരുരാജ്യങ്ങളിലെ നേതാക്കള്‍ തമ്മിലും വളരെ അടുത്ത ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇന്ത്യ സമാധാനം തേടുമെന്നും അതിനുള്ള തയ്യാറെടുപ്പിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഇന്ത്യ പൂര്‍ണ സജ്ജമാണ്. പരമാധികാരവും അഖണ്ഡതയും പാലിക്കുന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായാല്‍ അവയെ സമാധാനപരമായി പരിഹരിക്കുന്നതിലും ഞങ്ങള്‍ക്ക് അടിസ്ഥാന രീതിയുണ്ട്.
ഇന്ത്യന്‍ മുന്‍ഗണന സമാധാനത്തിന്: രാജ്യത്ത് ഏറ്റവും പ്രാധാന്യം നല്‍കുന്ന വിഷയം സമാധാനമാണ്. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളിലെ നിയമങ്ങളെയും പരമാധികാരത്തെയും മാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് സംഭാഷണങ്ങളിലൂടെയും നയതന്ത്രങ്ങളിലൂടെയുമാണെന്നും മറിച്ച് യുദ്ധത്തിലൂടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങള്‍ നിഷ്‌പക്ഷരാണ് എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത് ഞങ്ങള്‍ നിഷ്‌പക്ഷരല്ലെന്നാണ്. ഞങ്ങള്‍ സമാധാനത്തിന്‍റെ പക്ഷത്ത് തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പരിഗണന സമാധാനമാണെന്ന് ലോകത്തിന് പൂർണ വിശ്വാസമുണ്ട്. ലോകം മുന്നത്തേക്കാളും കൂടുതൽ പരസ്‌പര ബന്ധിതവും പരസ്‌പരാശ്രിതവുമാണെന്നും രാജ്യങ്ങള്‍ പരസ്‌പരം കൂടുതല്‍ ബന്ധം ഉണ്ടായിരിക്കണമെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു.
ഞാന്‍ ഇന്ത്യയില്‍ ജനിച്ച് വളര്‍ന്നയാളാണ്, അതുകൊണ്ട് എന്‍റെ പെരുമാറ്റവും ചിന്തകളുമെല്ലാം എന്‍റെ രാജ്യത്തിന്‍റെ നന്മയ്‌ക്ക് വേണ്ടിയുള്ളത് മാത്രമായിരിക്കും. പാരമ്പര്യ ചിന്താഗതികളില്‍ നിന്നാണ് ഞാന്‍ ശക്തി കൈവരിക്കുന്നത്. ആ ശക്തി ഞാന്‍ എന്‍റെ രാജ്യത്തിന് മുമ്പാകെ അവതരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി യുഎസിലേക്ക്: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക് തിരിച്ചു. നാളെ (ജൂണ്‍ 21) പുലര്‍ച്ചെ വാഷിങ്ടണിലെ ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് ബേസിലില്‍ പ്രധാനമന്ത്രിയെത്തും. ബുധനാഴ്‌ച ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്ര സംഘടന ആസ്ഥാനത്ത് നടക്കുന്ന യോഗ ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് മോദി യുഎസിലേക്ക് തിരിച്ചത്.
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസില്‍ അത്താഴ വിരുന്നൊരുക്കും. വാഷിങ്‌ടണിലെ റൊണാള്‍ഡ് റീഗല്‍ ബില്‍ഡിങ് അന്‍ഡ് ഇന്‍റര്‍നാഷണല്‍ ട്രേഡ് സെന്‍ററില്‍ ഇന്ത്യന്‍ ജനതയെ അദ്ദേഹം അഭിസംബോധന ചെയ്യും. കൂടാതെ യുഎസിലെ കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര നിക്ഷേപ സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വ്യവസായികളുമായി പ്രധാന മന്ത്രി സംവദിക്കും. ജെറ്റ് എഞ്ചിന്‍ സാങ്കേതിക വിദ്യ കൈമാറ്റം സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവച്ചേക്കുമെന്നും സൂചനയുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിക്കുന്ന മൂന്നാമത്തെയാളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. എന്നാല്‍ പ്രധാനമന്ത്രി മോദിയാകട്ടെ ഇത് രണ്ടാം തവണയാണ് യുഎസ് കോണ്‍ഗ്രസിന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നത്. മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊന്നും ഇതിനുള്ള അവസരം ലഭിച്ചിട്ടില്ല.