ചെന്നൈ : കുട്ടിത്തേവാങ്കിനായി ഇന്ത്യയില്‍ ആദ്യത്തെ സ്‌ലെൻഡർ ലോറിസ് സാങ്ച്വറി നിര്‍മിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ദിണ്ടിഗൽ, കരൂർ ജില്ലകളിലായി 11,000 ഹെക്‌ടറിലധികം വിസ്‌തൃതിയിലാകും സ്‌ലെൻഡർ ലോറിസ് (കുട്ടിത്തേവാങ്ക്) സാങ്ച്വറി നിര്‍മിക്കുക എന്നും സര്‍ക്കാര്‍ ഇന്ന് അറിയിച്ചു. മാത്രമല്ല സംസ്ഥാനത്തിന്‍റെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലായി ഇത് മാറുമെന്ന് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
"കരൂർ, ദിണ്ടിഗൽ ജില്ലകളിലെ 11,806 ഹെക്‌ടർ വിസ്‌തൃതിയില്‍ ഇന്ത്യയിലെ ആദ്യത്തെ 'കടവൂര്‍ സ്ലെൻഡർ ലോറിസ് സാങ്ച്വറി'ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌തതായി സന്തോഷപൂര്‍വം അറിയിച്ചുകൊള്ളുന്നു. കുട്ടിത്തേവാങ്കിന്‍റെ സംരക്ഷണത്തിനായുള്ള ഈ സങ്കേതം തമിഴ്‌നാടിന്റെ സംരക്ഷണ പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാകും" - സ്‌റ്റാലിന്‍ ട്വീറ്റ് ചെയ്‌തു.
രാത്രികാലത്ത് ഇരതേടുന്ന ചെറിയ സസ്‌തനികളാണ് സ്‌ലെൻഡർ ലോറിസ് എന്ന കുട്ടിത്തേവാങ്കുകള്‍. ജീവിതത്തിന്‍റെ വലിയൊരു ഭാഗവും ഇവ മരങ്ങളില്‍ തന്നെയാണ് ചെലവഴിക്കുക. കാർഷിക വിളകളിലെ കീടങ്ങള്‍ക്കെതിരെ ഒരു വേട്ടക്കാരനായി പ്രവര്‍ത്തിക്കുന്ന കുട്ടിത്തേവാങ്ക് കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. മാത്രമല്ല ഇതുവഴി ഇവ ഭൗമ ആവാസവ്യവസ്ഥയിൽ നിസ്‌തുലമായ പങ്കും വഹിക്കുന്നുണ്ട്. അതേസമയം ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ കണക്കില്‍ (ഐയുസിഎന്‍) കുട്ടിത്തേവാങ്കുകള്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണുള്ളത്. അതുകൊണ്ടുതന്നെ ഇവയുടെ നിലനില്‍പ്പ് ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തൽ, സംരക്ഷണ ശ്രമങ്ങൾ, ഭീഷണികൾ ലഘൂകരിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കും.
തമിഴ്‌നാട്ടിലെ കരൂർ, ദിണ്ടിഗൽ ജില്ലകളിലെ വനപ്രദേശങ്ങൾ കുട്ടിത്തേവാങ്കുകളുടെ ആവാസകേന്ദ്രങ്ങളായി തിരിച്ചറിഞ്ഞതിനാലാണ് ഇവയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതം സ്ഥാപിക്കുന്നതെന്നാണ് വിജ്ഞാപനത്തിലുള്ളത്. 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് കടവൂര്‍ സ്ലെൻഡർ ലോറിസ് സാങ്ച്വറിക്കായി വിജ്ഞാപനം ചെയ്തിട്ടുള്ളത്.
ഇതിന് മുമ്പ് പാക് ബേയില്‍ ദുഗോംഗ് (കടല്‍പശു) സംരക്ഷണ കേന്ദ്രം, വില്ലുപുരത്തെ കഴുവേലി പക്ഷി സങ്കേതം, അഗസ്ത്യാർമലൈ ആന സങ്കേതം, റാംസർ പ്രദേശങ്ങളില്‍ ഉൾപ്പെട്ട പതിമൂന്ന് തണ്ണീർത്തടങ്ങളുമായുള്ള തിരുപ്പൂരിലെ നഞ്ജരായൻ ടാങ്ക് പക്ഷി സങ്കേതം എന്നിവയ്ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. 15 മാസത്തെ ചുരുങ്ങിയ സമയത്തിനുള്ളിലുള്ള ഇത്തരം വഴിത്തിരിവാകുന്ന സംരംഭങ്ങൾ തമിഴ്‌നാടിനെ ജൈവ സംരക്ഷണ മേഖലയിൽ ഒരു സുപ്രധാന സ്ഥാനത്തെത്തിച്ചുവെന്നും വിജ്ഞാപനത്തിലുണ്ട്.