ഡെഹ്റാഡൂണ്‍ : എന്നും എപ്പോഴും സുന്ദരകാഴ്‌ചകൾ സമ്മാനിക്കുന്ന മനോഹര ഭൂമിയാണ് ഉത്തരാഖണ്ഡ്. ഹിമാലയത്തോട് ചേർന്നുകിടക്കുന്ന ഉത്തരാഖണ്ഡിന് ദേവഭൂമിയെന്നും വിളിപ്പേരുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തരാഖണ്ഡിന് എയര്‍ സഫാരി ആദ്യ അനുഭവമാണ്. എയർസഫാരിയുടെ ഭാഗമായി ഹരിദ്വാറിലാണ് ഗൈറോകോപ്റ്ററിന്‍റെ ആദ്യ പരീക്ഷണ പറക്കല്‍ നടന്നത്. മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലയത്തിന്‍റെ സുന്ദര ദൃശ്യങ്ങളാണ് ഉത്തരാഖണ്ഡിലെ ആകാശ കാഴ്ചയില്‍ അനുഭവിച്ചറിയുന്നത്. അതും തൊട്ടരികെയെത്തി. ഇന്ത്യയില്‍ ആദ്യമായാണ് ഗൈറോകോപ്റ്റര്‍ എയര്‍ സഫാരി സംഘടിപ്പിച്ചത്.
പരീക്ഷണപ്പറക്കല്‍ വിജയം:വിനോദ സഞ്ചാരികള്‍ക്ക് ഹെലികോപ്റ്ററില്‍ പറന്ന് ഹിമാലയത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ സൗകര്യമൊരുക്കുന്ന ഹിമാലയ ദര്‍ശന്‍ സേവാ യോജന നേരത്തേ തന്നെ ഉത്തരാഖണ്ഡില്‍ ആരംഭിച്ചിരുന്നു. 2022 ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച പദ്ധതിയില്‍ നിരവധി ടൂറിസ്റ്റുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. മസൂറിയില്‍ ടൂറിസം മന്ത്രി സത്പാല്‍ മഹാരാജായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഗൈറോകോപ്റ്റര്‍ എയര്‍ സഫാരി കൂടി തുടങ്ങുന്നത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ കൂടുതല്‍ ഗൈറോകോപ്റ്റര്‍ സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് ഉത്തരാഖണ്ഡ് ടൂറിസം അധികൃതര്‍.