ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ സെപ്റ്റംബര്‍ 30 വരെ നീട്ടി. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ആഭ്യന്തര ഫ്ലൈറ്റുകളുടെ വിലക്കാണ് നീട്ടിയത്.
എന്നാല്‍ രാജ്യാന്തര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ അംഗീകാരമുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കി.
തെരഞ്ഞെടുത്ത റൂട്ടുകളിൽ അനുവദിച്ചിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്.
വിലക്ക് മൂന്നാം തരംഗ ഭീഷണി മൂലം
അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഓഗസ്‌റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് സിവില്‍ ഏവിയേഷന്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതലാണ് അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുകയും മറ്റ് രാജ്യങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.
നേരത്തേ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മധ്യത്തോടെ 20 ഓളം രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ദിവസം 45,083 പുതിയ കൊവിഡ് കേസുകളും 460 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഇതില്‍ 31,265 കേസുകളും 153 മരണവും കേരളത്തിലാണ്. അതേസമയം, രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 63.09 ആണ്.
Read more:വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍