ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ സുരക്ഷ സംവിധാനം മോശമായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്ത്യ നയതന്ത്ര ജീവനക്കാരെ പിൻവലിച്ചു. 50ഓളം നയതന്ത്രജ്ഞരെയും സുരക്ഷ ഉദ്യോഗസ്ഥരെയുമാണ് കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും തിരികെ വിളിച്ചത്. സതേൺ അഫ്‌ഗാൻ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും താലിബാൻ പിടിമുറുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
വ്യോമസേനയുടെ പ്രത്യേക വിമാനം അയച്ചാണ് ഉദ്യോഗസ്ഥരെ തിരികെ ഇന്ത്യയിലെത്തിച്ചത്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥരെ അടക്കമാണ് ഇന്ത്യ തിരികെ കൊണ്ടുവന്നത്. താൽക്കാലികമായി കാണ്ഡഹാർ കോൺസുലേറ്റ് അടച്ചിട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ.
കാണ്ഡഹാറിലെയും മസർ ഇ ഷരീഫിലെയും കോൺസുലേറ്റുകളും കാബൂളിലെ എംബസിയും പൂട്ടില്ലെന്ന് ഇന്ത്യൻ എംബസി ചൊവ്വാഴ്‌ച അറിയിച്ചിരുന്നു. എന്നാൽ സാഹചര്യം വഷളായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് തീരുമാനം. ഇന്ത്യ സൂക്ഷ്‌മമായി അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് രണ്ട് ദിവസം മുമ്പ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്‌ചകളിലായി അഫ്‌ഗാനിസ്ഥാനിൽ തുടർച്ചയായി താലിബാൻ ബോംബാക്രമണങ്ങൾ നടത്തുകയാണ്. ഓഗസ്റ്റ് അവസാനത്തോടെ അമേരിക്ക സൈന്യത്തെ പൂർണമായും അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻവലിക്കും. ഈ സാഹചര്യവും ഇന്ത്യ കണക്കിലെടുത്തിട്ടുണ്ട്.
READ MORE:അഫ്‌ഗാനിസ്ഥാന്‍റെ വികസനത്തിൽ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നു: സൽമെ ഖലീൽസാദ്