കൊൽക്കത്ത:രാജ്യത്ത് ഏഴ് കൊവിഡ് പ്രതിരോധ മരുന്നുകള്‍ക്കൂടി വികസിപ്പിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധൻ. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും മരുന്ന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏഴ് കൊവിഡ് മരുന്നുകള്‍ക്കൂടി പരീക്ഷണ ഘട്ടത്തില്‍
ഏഴ് പുതിയ മരുന്ന് പരീക്ഷണങ്ങളില്‍ മൂന്ന് എണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധൻ.
ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് മരുന്ന് വിതരണം പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ മരുന്ന കമ്പനികള്‍ രംഗത്തെത്തേണ്ടിയിരിക്കുന്നു. ഏഴ് പുതിയ മരുന്ന് പരീക്ഷണങ്ങളില്‍ മൂന്ന് എണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലെത്തിയിട്ടുണ്ട്. രണ്ടെണ്ണം പ്രീ ക്ലിനിക്കല്‍ സ്റ്റേജിലാണ്. മറ്റുള്ള രണ്ട് പരീക്ഷണങ്ങള്‍ യഥാക്രമം ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമാണെന്ന് ഹര്‍ഷ വര്‍ധൻ അറിയിച്ചു.
അതേസമയം കൊവിഡ് മരുന്ന് പൊതുവിപണിയിലേക്ക് ഇറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചനകള്‍ നടന്നിട്ടില്ലെന്നും , ആവശ്യമുള്ള സാഹചര്യത്തില്‍ അത്തരം വിഷയത്തില്‍ ആലോചന നടക്കുമെന്നും ഹര്‍ഷ വര്‍ധൻ അറിയിച്ചു. നിലവില്‍ രണ്ട് മരുന്നുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. മരുന്നിന്‍റെ മൂന്നാം ഘട്ട വിതരണം മാര്‍ച്ചില്‍ ആരംഭിക്കും. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് മൂന്നാം ഘട്ട മരുന്ന് വിതരണത്തില്‍ മുൻഗണന നല്‍കുക.