കേരളം

kerala

ETV Bharat / bharat

വിദേശത്തേക്ക് നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാനങ്ങൾ ഇന്ത്യ കൂടുതൽ അർഹിക്കുന്നു ; എയർ ഇന്ത്യ മേധാവി - ഇൻഡിഗോ

ഇന്ത്യയിലേക്ക് വരുന്ന ചില വിദേശ വിമാനക്കമ്പനികൾ വളർന്നുവരുന്ന ഇന്ത്യൻ വിപണിയെ ഇന്ത്യൻ എയർലൈനുകളെക്കാൾ വലിയ രീതിയിൽ മുതലെടുക്കുന്നുണ്ടെന്നും എയർ ഇന്ത്യ മേധാവി കാംബെൽ വിൽസണ്‍

India deserves more direct international flights  എയർ ഇന്ത്യ  എയർ ഇന്ത്യ മേധാവ കാംബെൽ വിൽസണ്‍  എയർലൈൻ  Air India  ഗോഫസ്റ്റ്  എയർ ഇന്ത്യ മേധാവി  കാംബെൽ വിൽസണ്‍  Campbell Wilson  ഇൻഡിഗോ  Indigo Air line
എയർ ഇന്ത്യ

By

Published : Jun 4, 2023, 4:25 PM IST

ന്യൂഡൽഹി: കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ത്യ അർഹിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ മേധാവി കാംബെൽ വിൽസണ്‍. ആഭ്യന്തര വിമാനക്കമ്പനി വ്യവസായത്തിൽ ഇന്ത്യയുടെ സ്ഥിതി അത്ര ആരോഗ്യകരമല്ലെന്നും ഇതുമൂലം ഇന്ത്യക്ക് എയർലൈൻ മേഖലയിൽ തങ്ങളുടെ സ്ഥാനം വലിയ തോതിൽ നിലനിർത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്‌ടറുമായ കാംബെൽ വിൽസണാണ് നിലവിൽ എയർ ഇന്ത്യയുടെ വിപുലീകരണ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്.

രാജ്യത്ത് ഇൻഡിഗോ എയർലൈൻസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ടാറ്റയുടെ വിമാനക്കമ്പനികളുടെ കൂടിച്ചേരലിലൂടെ ഇൻഡിഗോയ്‌ക്കെതിരെ മികച്ച മത്സരം കാഴ്‌ചവയ്‌ക്കാൻ സാധിക്കുമെന്നും കാംബെൽ വിൽസണ്‍ പറഞ്ഞു. 'സുസ്ഥിരവും ലാഭകരവുമായ വിപണി സൃഷ്‌ടിക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഉത്‌പന്നങ്ങളിൽ നിക്ഷേപം നടത്താനും നെറ്റ്‌വർക്കുകൾ വിപുലീകരിക്കാനും ലോക വ്യോമയാന രംഗത്ത് ഇന്ത്യയുടെ സ്ഥാനം വീണ്ടെടുക്കാനും ഇത് എയർലൈനുകളെ പ്രാപ്‌തമാക്കും,' കാംബെൽ വിൽസണ്‍ കൂട്ടിച്ചേർത്തു.

എയർ ഇന്ത്യയെ ഏറ്റെടുത്ത് ടാറ്റ : കഴിഞ്ഞ വർഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയേയും എയർ ഇന്ത്യ എക്‌സ്പ്രസിനെയും സർക്കാരിൽ നിന്ന് ഏറ്റെടുത്തത്. നിലവിൽ നാല് എയർലൈൻ കമ്പനികളാണ് ടാറ്റ ഗ്രൂപ്പിനുള്ളത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, എഐഎക്‌സ് കണക്‌റ്റ് (മുമ്പത്തെ എയർ ഏഷ്യ ഇന്ത്യ), വിസ്‌താര എന്നീ കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന്‍റെ കീഴിലുള്ളത്. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്, എഐഎക്‌സ് കണക്‌ട്, വിസ്‌താർ എന്നിവയെ എയർ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്.

ഗോഫസ്റ്റിന്‍റെ പ്രതിസന്ധി നിർഭാഗ്യകരം : അതേസമയം വലിയ തകർച്ച നേരിടുന്ന ഗോഫസ്റ്റിന്‍റെ പ്രതിസന്ധി വളരെ നിർഭാഗ്യകരമാണെന്നാണ് വിൽസൺ പ്രതികരിച്ചത്. രാജ്യത്ത് ഒരു വിമാനക്കമ്പനി പരാജയപ്പെടുന്നത് ഇതാദ്യമല്ലെന്നും ആരോഗ്യകരവും ഊർജ്ജസ്വലവും ലാഭകരവുമായ വളർച്ചയ്ക്ക് അനുയോജ്യമല്ലാത്ത വ്യവസായത്തിന്‍റെ ഘടനയാണ് ഇത് അടിവരയിടുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ആരോഗ്യകരമായ ആഭ്യന്തര എയർലൈൻ വ്യവസായം ഇല്ലാത്തതിനാൽ ചില സന്ദർഭങ്ങളിൽ ഇന്ത്യയുടെ വിധി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് വരുന്ന ചില വിദേശ വിമാനക്കമ്പനികൾ വളർന്നുവരുന്ന ഇന്ത്യൻ വിപണിയെ ഇന്ത്യൻ എയർലൈനുകളേക്കാൾ വലിയ രീതിയിൽ മുതലെടുത്തു. ഇതാണ് ഇന്ത്യയിൽ ആഭ്യന്തര എയർലൈനുകൾ പച്ചപിടിക്കാത്തതിന് കാരണമെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ ഉയർന്ന നിലവാരമുള്ളതും പ്രൊഫഷണലായി പ്രവർത്തിക്കുന്നതുമായ ഒരു എയർലൈൻ തങ്ങൾക്ക് എക്കാലവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.

തകർച്ചയുടെ വക്കിൽ ഗോഫസ്റ്റ് : അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗോഫസ്റ്റ് എയർലൈൻസ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇക്കഴിഞ്ഞ മെയ്‌ മൂന്ന് മുതൽ കമ്പനി തങ്ങളുടെ ഒട്ടുമിക്ക സർവീസുകളും റദ്ദാക്കിയിരുന്നു. സർവീസ് നടത്തിയിരുന്ന ഏതാനും ചില റൂട്ടുകളുടെ ടിക്കറ്റ് നിരക്ക് കമ്പനി കുത്തനെ വർധിപ്പിച്ചിരുന്നു. ഡൽഹി-ശ്രീനഗർ, ഡൽഹി-പൂനെ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കമ്പനി വര്‍ധിപ്പിച്ചത്.

പിന്നാലെ ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് കമ്പനിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗോ ഫസ്റ്റ് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള നീക്കത്തിലാണെന്നും വര്‍ധിപ്പിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്നും വിമാന കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ വിമാനങ്ങൾ റദ്ദാക്കിയ നടപടി ജൂണ്‍ നാല് വരെ കമ്പനി നീട്ടിയിട്ടുമുണ്ട്. ബുക്ക് ചെയ്‌തവർക്ക് റീഫണ്ട് ഉൾപ്പെടെ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details