ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് രാജ്യം ഇന്ന് ദുഖാചരണത്തില്‍. ഇതിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും എമിറൈറ്റ്സ് ഓഫ് അബുദബിയുടെ 16ാമത്തെ ഭരണാധികാരി കൂടിയായ ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന് ആദരമര്‍പ്പിച്ച് ശനിയാഴ്ച ദുഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക വിനോദ പരിപാടികള്‍ നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയോട് അത്രയേറെ അനുഭാവം പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.
അനുസ്മരിച്ച് നേതാക്കള്‍ : മഹാനായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണശാലിയുമായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 'ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധിപ്പെട്ടത് മഹാനായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണശാലിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ ഭരണകാലത്താണ്' - മോദി ട്വിറ്ററില്‍ കുറിച്ചു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനും യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന് നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുസ്മരിച്ചു. ഇന്ത്യ- യുഎഇ ബന്ധത്തിന് അടിത്തറ പാകിയത് ഷെയ്ഖ് ഖലീഫയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് പറഞ്ഞു. യുഎഇയെ നവീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത നേതാവായി അദ്ദേഹം ഓർമിക്കപ്പെടുമെന്നും എസ് ജയ്ശങ്കര് കൂട്ടിച്ചേര്‍ത്തു.
യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം : യുഎഇയെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്. രാഷ്ട്ര പിതാവും പ്രഥമ യുഎഇ പ്രസിഡന്റുമായിരുന്ന ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ വിയോഗത്തെ തുടർന്നാണ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി 2004ല്‍ തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇ സായുധ സേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമാണ്.
ഏതാനും മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read more: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു