ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ആശങ്കാജനകമായി തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 24 മണിക്കൂറിനിടെ രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,50,377 ആയി ഉയര്‍ന്നു.
7,743 ഒമിക്രോണ്‍ കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനവും പ്രതിവാര നിരക്ക് 13.69 ശതമാനവുമാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also read: Omicron India: രാജ്യത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം ഉണ്ടായതായി പഠനങ്ങൾ
24 മണിക്കൂറിനിടെ 314 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. കൊവിഡ് മൂലം 4,86,066 പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. 1,38,331 പേര്‍ രോഗമുക്തി നേടി. ഇതുവരെ 3,50,85,721 പേരാണ് കൊവിഡില്‍ നിന്ന് മുക്തരായത്.
ഒമിക്രോണ്‍ വ്യാപനത്തിന് പിന്നാലെയാണ് രാജ്യത്ത് കൊവിഡ് നിരക്കില്‍ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ തിങ്കളാഴ്‌ച 1.8 ലക്ഷം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിടത്ത് നിന്ന് ഒരാഴ്‌ച പിന്നിടുമ്പോള്‍ 2.7 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്‌ട്രയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയിലും മുംബൈയിലും കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.