ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ മൂന്നാം തരംഗത്തില്‍ കേസുകള്‍ സ്ഥിരീകരിക്കുന്നതില്‍ കുറവുവരുന്നതായി കണക്കുകള്‍. വെള്ളിയാഴ്ച 24 മണിക്കൂറിനിടെ 2,35,532 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. ഇത് വ്യാഴാഴ്ചത്തെ കണക്കുകളേക്കാൾ 16,000 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്‌ച 15.88 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 13.39 ആയി കുറഞ്ഞു. ശനിയാഴ്ച രാത്രി 10 മണി വരെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ പുറത്തുവിട്ട കണക്കുകള്‍ വച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ജനുവരി 29 ന് രാജ്യത്ത് 2,35,532 പേർക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഞായറാഴ്ച 2,34,281 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്‌ചയെ അപേക്ഷിച്ച് 1,251 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം, പശ്ചിമ ബംഗാൾ, സിക്കിം, ഛത്തീസ്‌ഗഡ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.