ന്യൂഡല്‍ഹി:രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലോ അഗര്‍വാള്‍. ആരോഗ്യ മന്ത്രാലയം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ആഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കൊവിഡ് കേസുകളില്‍ 32 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. 21 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും 15 സംസ്ഥാനങ്ങളിലെ 90 ജില്ലകളില്‍ നിന്നുമാണ്. 17 സംസ്ഥാനങ്ങളിലെ 66 ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണെന്നാണ് പുറത്തുവരുന്ന കണക്ക്.
ലംഡാ വൈറസ് സാന്നിധ്യമില്ല
അതേസമയം ലംഡാ വൈറസിന്‍റെ സാന്നിധ്യം നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. 43393 പുതിയ കേസുകളാണ് ജൂലൈ എട്ടിന് പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുള്ളത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,07,52,950 ആയി. 4,58,727 ആക്ടീവ് കേസുകളും രാജ്യത്തുണ്ട്. 911 പേര്‍കൂടി മരിച്ചതോടെ മരണ നിരക്ക് 4,05,939 ആയി ഉയര്‍ന്നു.
കൊവിഡ് രോഗികളായ ഗര്‍ഭിണികളില്‍ രോഗം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.