ബെംഗളൂരു: ഇന്ത്യന്‍ വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ് 24 (GSAT-24) വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് കമ്പനിയായ ഏരിയന്‍സ്‌പേസ് ആണ് വിക്ഷേപണം നടത്തിയത്. വ്യാഴാഴ്‌ച പുലര്‍ച്ചെ ഫ്രഞ്ച് ഗയാനയിലെ കുഹുവിലെ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് ഏരിയൻ-വി വിഎ257 എന്ന റോക്കറ്റിലായിരുന്നു വിക്ഷേപണം.
ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ (എന്‍എസ്‌ഐഎല്‍) ആദ്യ ഉപഗ്രഹ കരാര്‍ ദൗത്യമാണിത്. 24 കെയു ബാന്‍ഡ് വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ് 24ന് 4,180 കിലോഗ്രാം ഭാരമുണ്ട്. എന്‍എസ്‌ഐഎല്ലിന് വേണ്ടി ഐഎസ്‌ആര്‍ഒയാണ് ഉപഗ്രഹം നിര്‍മിച്ചത്.
ഡിടിഎച്ച് ആപ്ലിക്കേഷന് വേണ്ട ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാന്‍ ഇന്ത്യന്‍ കവറേജുള്ള ഉപഗ്രഹത്തിന് കഴിയുമെന്നാണ് കരുതുന്നത്. സാറ്റലൈറ്റ് ടിവി കമ്പനിയായ ടാറ്റ പ്ലേയ്ക്ക് ഉപഗ്രഹത്തിന്‍റെ ശേഷി പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമേ മലേഷ്യയുടെ വാര്‍ത്ത വിനിമയ ഉപഗ്രഹവും ഫ്രഞ്ച് ഗയാനയിലെ കുഹുവിലെ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് വിക്ഷേപിച്ചിട്ടുണ്ട്.
ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി 2019ലാണ് പൊതുമേഖല സ്ഥാപനമായി എൻഎസ്‌ഐഎല്‍ രൂപീകരിക്കുന്നത്. ബഹിരാകാശ നയ പരിഷ്‌കരണത്തിന് ശേഷമുള്ള എൻഎസ്‌ഐഎല്ലിന്‍റെ ആദ്യ ഉപഗ്രഹ കരാര്‍ ദൗത്യമാണിത്.