ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ നിർണായക നീക്കം. ഇന്ത്യ-ചൈന അതിർത്തിയിലെ തർക്കം നിലനിൽക്കുന്ന ഗോഗ്ര മേഖലയിൽ നിന്ന് ഇരു രാജ്യങ്ങളുടെ സൈന്യങ്ങളും പിന്മാറി. ജൂലൈ 31ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോ മീറ്റിങ് പോയിന്‍റിൽ നടന്ന ഇരു രാജ്യങ്ങളും തമ്മിൽ നടന്ന 12ാം വട്ട കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് പിന്മാറാനുള്ള നീക്കം. കഴിഞ്ഞ വർഷം മെയ് മുതലാണ് ഇരു രാജ്യങ്ങളുടെയും സൈന്യം ഗോഗ്ര മേഖലയിൽ നിലയുറപ്പിച്ചത്.
ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും ഘട്ടം ഘട്ടമായും ഏകോപിതമായും പിന്മാറ്റം നടത്തി. ഓഗസ്റ്റ് 4, 5 തീയതികളിലാണ് ഇരു രാജ്യങ്ങളുടെയും പിന്മാറ്റം നടന്നത്. പിന്മാറിയ സൈന്യം ബേസ് ക്യാമ്പുകളിലേക്ക് മാറി. മേഖലയിലെ താൽകാലിക ക്യാമ്പുകളും നിർമാണങ്ങളും ഇരുകൂട്ടരും പൊളിച്ചുമാറ്റി.