ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈന പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫുവുമായി വ്യാഴാഴ്‌ച ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം രണ്ട് രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്‌ചയാണിത്. ഷാങ്‌ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ചൈനീസ് പ്രതിരോധ മന്ത്രി വ്യാഴാഴ്‌ച ഡൽഹിയിലെത്തിയത്.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ 2020ൽ നടന്ന ഗാൽവാൻ താഴ്‌വര ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. 'ഇന്ത്യ - ചൈന ബന്ധത്തിന്‍റെ പുതിയ മാറ്റവും വികസനവും അതിർത്തികളിൽ സമാധാനം പ്രധാനം ചെയ്യുന്നതാണ്. നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്കും പ്രതിബദ്ധതകൾക്കും അനുസൃതമായി എൽഎസിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്,' - യോഗത്തിന് ശേഷം പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
ഏപ്രിൽ 28ന് നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ചൈനീസ് പ്രതിരോധ മന്ത്രി നിലവിൽ ഡൽഹിയിലാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ഇതുവരെ വലിയ വിള്ളലുകളാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന് മുകളിൽ അവകാശവാദം ഉന്നയിക്കുന്ന ചൈനീസ് നിലപാടിനെതിരെ അതിശക്‌തമായ പ്രതിരോധമാണ് ഇന്ത്യ തീർക്കുന്നത്.
ചൈനയ്ക്ക് പുറമെ, കസാക്കിസ്ഥാൻ, ഇറാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലെ പ്രതിരോധ മന്ത്രിമാരായും രാജ്‌നാഥ് സിങ് ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടിക്കാഴ്‌ചകളിൽ ഉഭയകക്ഷി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരസ്‌പര താത്‌പര്യമുള്ള മറ്റ് കാര്യങ്ങളും മന്ത്രിമാർ ചർച്ച ചെയ്‌തു. കസാക്കിസ്ഥാൻ പ്രതിരോധ മന്ത്രി കേണൽ ജനറൽ റുസ്‌ലാൻ ഷാക്‌സിലിക്കോവ്, ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസാ ഘറായ് അഷ്‌ടിയാനി, താജിക്കിസ്ഥാൻ പ്രതിരോധ മന്ത്രി കേണൽ ജനറൽ ഷെറാലി മിർസോ, ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു എന്നിവരുമായാണ് ആദ്യ ഉഭയകക്ഷി കൂടിക്കാഴ്‌ച നടന്നത്.