ഡിന്‍ജാന്‍:ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കുഞ്ഞന്‍ ആളില്ലാവിമാനങ്ങളുടെ (Unmanned Aerial Vehicles) നിരീക്ഷണം ശക്തിപ്പെടുത്തി രാജ്യം. അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് രാജ്യത്തിന്‍റെ നീക്കം. 300 കിലോമീറ്ററാണ് ഈ 'യന്ത്ര പരുന്തിന്‍റെ' പ്രവർത്തന പരിധി. യുഎവിയ്ക്ക് റിമോട്ട്‌ലി പൈലറ്റഡ് വെഹിക്കിള്‍സ് എന്ന പേരുമുണ്ട് (ആര്‍പിവി).
തുരത്തും, ചൈനീസ് 'പൂതി'യെ..!:'ആകാശത്തിലെ കണ്ണ്' എന്നറിയപ്പെടുന്ന ഈ ഉപകരണം ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിയില്‍ നിര്‍ണായകമായ 'ഗെയിം ചെയ്‌ഞ്ചര്‍' ആവുമെന്നാണ് രാജ്യത്തിന്‍റെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ അതിര്‍ത്തികള്‍ നിയന്ത്രിക്കുക, സംരക്ഷിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ രാജ്യം പ്രധാനമായും ഉന്നംവയ്‌ക്കുന്നത്. അസം, അരുണാചല്‍ പ്രദേശ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളെ ചരിത്രപരമായി ബാധിച്ചിട്ടുള്ള 'ചൈനീസ് ആഗ്രഹത്തെ' പുത്തന്‍ ആയുധത്തിലൂടെ നേരിടുകയാണ് ഇന്ത്യന്‍ ശ്രമം.
അതിർത്തിക്കപ്പുറത്ത് നിന്നുള്ള എല്ലാതരത്തിലുമുള്ള ചലനങ്ങളും തടസപ്പെടുത്തുക എന്ന ജാഗ്രതയാണ് രാജ്യത്തിന്‍റെ പ്രതിരോധ രംഗത്തിനുള്ളത്. ചൈന ഇപ്പോഴും അരുണാചൽ പ്രദേശിനെ കൊതിക്കുന്നുണ്ട്. 'തെക്കൻ ടിബറ്റിന്‍റെ' ഭാഗമാണ് ഈ സംസ്ഥാനമെന്നാണ് അയല്‍ രാജ്യത്തിന്‍റെ എപ്പോഴും ഉയര്‍ത്തുന്ന അവകാശവാദം. അതുകൊണ്ടുതന്നെ അതിര്‍ത്തി എപ്പോഴും അസ്വസ്ഥത പുകയുന്നതാണ്. അതിനാൽ തന്നെ ചൈനയുമായി ഭാവി സംഘർഷത്തിന് സാധ്യതകള്‍ ഏറെയാണ്.
നിര്‍ണായക നീക്കത്തിന് യുഎവി:ഇന്ത്യൻ സൈന്യം പ്രധാനമായും ഉപയോഗിക്കുന്ന പ്രധാന തന്ത്രപരമായ ഒരു 'ഓപ്ഷനാണ്' ഐഎസ്‌ആര്‍ (ഇന്‍റലിജൻസ്, നിരീക്ഷണം, ഭൂദേശപരിശോധന) എന്നത്. ഇത് ശക്തിപ്പെടുത്താനാണ് വിശ്വസനീയവും അത്യാധുനികമാര്‍ന്നതുമായ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ രാജ്യം മുതിര്‍ന്നത്. ഇന്ത്യ-ചൈന അതിർത്തി കൂടാതെ, വടക്കുകിഴക്കൻ മേഖലയിലെ പല സംസ്ഥാനങ്ങളിലും അയല്‍ രാജ്യങ്ങളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ യുഎവികൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ശത്രുക്കളുടെ ഒളിത്താവളങ്ങൾ, ക്യാമ്പുകളുടെ വിന്യാസം, ആക്രമികളുടെ എണ്ണം, ഓപ്പറേഷൻ സമയത്ത് ലൈവ് ഫീഡ് നൽകൽ തുടങ്ങിയ കൃത്യമായി നല്‍കാനും രാജ്യവിരുദ്ധ നീക്കങ്ങള്‍ തകര്‍ക്കാനും കുഞ്ഞന്‍ ആളില്ലാവിമാനങ്ങളുടെ പങ്ക് ചെറുതല്ല. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ ആര്‍മിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തെക്കുറിച്ച് വിശദമാക്കിയത്.
ആകാശക്കണ്ണ് കൂടുതല്‍ ഇടത്തേക്ക്:അതേസമയം, ലഡാക്കില്‍ ഇന്ത്യ - ചൈന സൈനിക പിന്മാറ്റം സെപ്‌റ്റംബര്‍ എട്ടിന് ആരംഭിച്ചിരുന്നു. തിങ്കളാഴ്‌ചയ്ക്കകം (സെപ്‌റ്റംബര്‍ 12) പൂർത്തിയാകുമെന്നാണ് വിവരം. താത്‌ക്കാലികമായി നിർമിച്ച കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൊളിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഈ മേഖലയിലടക്കം രാജ്യം യുഎവികളെ ശക്തിപ്പെടുത്തിയേക്കും എന്നാണ് സൂചന.
കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര- ഹോട്ട്‌സ് സ്പ്രിങ്‌സ് മേഖലിലെ പട്രോളിങ് പോയിന്‍റ് 15ല്‍ നിന്നാണ് സൈനിക പിന്‍മാറ്റം. 16ാം റൗണ്ട് ചർച്ച നടന്നതിനെ തുടര്‍ന്നാണ് സേന പിന്മാറ്റം. ഇരു രാജ്യങ്ങളുടേയയും സൈനിക പിന്മാറ്റം നേരത്തേയും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ചൈനയുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് വന്നിരുന്നില്ല. 16ാം റൗണ്ട് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച വിജയിച്ചതാണ് വഴിത്തിരിവായത്.