ന്യൂഡൽഹി: ഇന്ത്യ-ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ചയ്‌ക്കായുള്ള തീയതികൾ തീരുമാനിക്കുന്നതായി ഇന്ത്യൻ കരസേന വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് കൂടിക്കാഴ്‌ചയിൽ പ്രധാനമായും ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജൂലൈ 26ന് സൈനിക ചർച്ചകൾ നടത്താൻ ചൈന നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും ഇന്ത്യൻ സൈന്യം കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നതിനാൽ പുതിയ തീയതികൾ തയ്യാറാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു. അടുത്ത ഘട്ട ചർച്ചയിലെങ്കിലും അവശേഷിക്കുന്ന ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്, ഡെപ്‌സാങ് സമതലങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങൾ ഇരു ഭാഗത്തുനിന്നും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.