ന്യൂഡൽഹി:ഇന്ത്യ-ചൈന 12-ാം ഘട്ട സൈനിക തല കമാൻഡർ ചർച്ച പൂർത്തിയായാതായി കരസേന വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ രാവിലെ 10.30ന് ആരംഭിച്ച ചർച്ച വൈകുന്നേരം 7.30നാണ് അവസാനിച്ചത്.
ഒമ്പത് മണിക്കൂർ നീണ്ട കൂടിക്കാഴ്‌ചയിൽ ഇരുരാജ്യങ്ങളും നിലവിലുള്ള കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനെ കുറിച്ചും ചർച്ച നടത്തി. എങ്കിലും ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് മേഖലകളിൽ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങൾ ഇനിയും അവശേഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ 26ന് സൈനിക ചർച്ചകൾ നടത്താൻ ചൈന നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും ഇന്ത്യൻ സൈന്യം കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നതിനാൽ പുതിയ തീയതികൾ തയ്യാറാക്കാൻ ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ ഏപ്രിൽ ഒമ്പതിന് ഇന്ത്യയും ചൈനയും 11-ാമത് കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച നടത്തിയിരുന്നു.
READ MORE:ഇന്ത്യ-ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച ഉടൻ
സൈനിക-രാഷ്‌ട്രീയ തലങ്ങളിൽ നിന്നുള്ള ചർച്ചകൾക്കൊടുവിൽ, ഏകദേശം ഒരു വർഷത്തോളം സൈനിക പോരാട്ടത്തിലേർപ്പെട്ടിരുന്ന പാങ്കോങ് തടാക പ്രദേശത്ത് നിന്നും കഴിഞ്ഞ മാസമാണ് ഇരു സൈന്യങ്ങളും പിന്മാറിയത്. ഇതിന് മുന്നോടിയായി കോർപ്‌സ് കമാൻഡർ തലത്തിൽ പത്ത് ഘട്ട ചർച്ചകൾ നടത്തിയിരുന്നു.