ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചിച്ച് ഇന്നേയ്‌ക്ക് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ നിറവിലാണ് രാജ്യം ഇന്ന്. ബ്രിട്ടീഷ് സമ്രാജ്യത്വത്തിന്‍റെ അടിമച്ചങ്ങല പൊട്ടിച്ച് രാജ്യം സ്വാതന്ത്ര്യത്തിലേയ്‌ക്ക് ചുവടുവച്ചതിന്‍റെ ഓര്‍മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15ഉം.
സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരും യാതനകള്‍ സഹിച്ചവരുമായ മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ധീരതയും ഓര്‍മിപ്പിക്കുക കൂടിയാണ് ഈ ദിനം. ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഒന്‍പതാം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് എന്നതും ഇത്തവണ ശ്രദ്ധേയമാണ്.
നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും പ്രതിരോധ മന്ത്രാലയവും സാംസ്‌കാരിക മന്ത്രാലവും സംയുക്തമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഉള്‍ക്കൊള്ളിച്ച് മീന ബസാറില്‍ സംഘടിപ്പിക്കുന്ന പട്ടം പറത്തലും ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്‌തമായ ചുമര്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത വര്‍ണാഭമായ പട്ടങ്ങള്‍ രാജ്യത്തിന്‍റെ ഐക്യത്തെ പ്രതിനിധാനം ചെയ്യുന്നു.