ന്യൂഡല്‍ഹി : നയതന്ത്ര തര്‍ക്കങ്ങളെ തുടര്‍ന്ന് കാനഡ പൗരന്മാര്‍ക്കുള്ള (Canada Citizen) വിസ സേവനങ്ങള്‍ (Visa Services) ഇന്ത്യ നിര്‍ത്തിവച്ചതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങള്‍ അവസാനിക്കുന്നില്ല. വിസ അപേക്ഷകളുടെ പ്രാഥമിക പരിശോധനകള്‍ക്കായി ഇന്ത്യ നിയോഗിച്ച ഏജന്‍സിയായ ബിഎല്‍എസ് ഇന്‍റര്‍നാഷണല്‍ (BLS International), ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചതായി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഈ അറിയിപ്പ് പൊടുന്നനെ മാറ്റി വിസ അപേക്ഷാപേജ് കമ്പനി അപ്ഡേറ്റ് ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്ന അറിയിപ്പ് ബിഎല്‍എസ് ഇന്‍റര്‍നാഷണല്‍ പുനഃസ്ഥാപിക്കുകയും ചെയ്‌തു (India Canada Row And Visa Services).
21 സെപ്‌റ്റംബര്‍ 2023 മുതല്‍, കാനഡയിലെ ഇന്ത്യൻ വിസ സേവനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്‌കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നായിരുന്നു അറിയിപ്പ്. കനേഡിയൻ വിസ പുതുക്കല്‍ ബിസിനസ് ബിഎല്‍എസ് ഇന്‍റർനാഷണലിന്‍റെ മൊത്തം വാർഷിക വരുമാനത്തിന്‍റെ രണ്ട് ശതമാനത്തിൽ താഴെ മാത്രം സംഭാവന നൽകുന്നതിനാൽ ഈ നീക്കത്തിന്‍റെ ആഘാതം തങ്ങള്‍ക്ക് സാമ്പത്തികമായി നിസാരമാണെന്നും ബിഎല്‍എസ് ഇന്‍റര്‍നാഷണല്‍ ബിഎസ്ഇക്ക് (Bombay Stock Exchange) നൽകിയ ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.
Also Read: Central Warned Exercise Caution Indians In Canada കാനഡയിലെ ഇന്ത്യക്കാരും വിദ്യാർഥികളും അതീവ ജാഗ്രത പാലിക്കണം : മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ഇന്ത്യ കാനഡ ഉലച്ചില്‍ ഇങ്ങനെ :കുപ്രസിദ്ധ ഖലിസ്ഥാൻ അനുകൂലി ഹർദീപ് സിങ് നിജ്ജാറിന്‍റെ (Murder of Hardeep Singh Nijjar) കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഉന്നത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ വഷളായത് (Diplomatic relations between India and Canada). മാത്രമല്ല ഇതിനെ തുടര്‍ന്ന് കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയിരുന്നു. കനേഡിയന്‍ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഒരു മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം ഇന്ത്യ അറിയിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ രാജ്യം വിടണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
ഇതിന് പിന്നാലെ കനേഡിയൻ പൗരന്‍മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ താത്‌കാലികമായി നിർത്തിവച്ചത് കൂടിയായതോടെ ആഗോളതലത്തിൽ വിഷയം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാത്രമല്ല ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ വിസ സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചതിൽ ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ വിദേശകാര്യ വകുപ്പ്, നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സുതാര്യവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുന്ന നയതന്ത്ര ബന്ധത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങൾക്കുമിടയിൽ തുറന്നതും ക്രിയാത്മകവുമായ ചർച്ചകൾ ആവശ്യമാണെന്നും കനേഡിയൻ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.