ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (Khalistan Tiger Force) നേതാവും കുപ്രസിദ്ധ തീവ്രവാദിയുമായ ഹര്‍ദീപ് സിങ് നിജ്ജര്‍ (Hardeep Singh Nijjar) കാനഡയില്‍ വച്ച് ജൂണ്‍ 18നാണ് കൊല്ലപ്പെടുന്നത്. ഓഗസ്‌റ്റ് 12 ന് കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള ലക്ഷ്‌മി നാരായണ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍വാദികള്‍ ആക്രമണം നടത്തുകയും ചെയ്‌തു. ഹര്‍ദീപ് സിങ്ങിന്‍റെ കൊലപാതകത്തില്‍ ഇന്ത്യ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്‌റ്ററുകള്‍ പതിച്ചാണ് അവര്‍ ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നത്.
തൊട്ടുപിന്നാലെ ഈ മാസം കനേഡിയന്‍ പ്രധാനമന്ത്രി (Canedian Prime Minister) ജസ്‌റ്റിന്‍ ട്രൂഡോ (Justin Trudeau) പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെ, തന്‍റെ രാജ്യത്തെ പൗരനായ നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏജന്‍റുകളാണെന്ന് വിശ്വാസയോഗ്യമായ ആരോപണങ്ങളുണ്ടെന്നുള്ള പ്രസ്‌താവന അഴിച്ചുവിട്ടു. ഇതിലൂടെ ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം തുപ്പുന്ന ഖലിസ്ഥാനികളുടെ ആരോപണങ്ങളെ അദ്ദേഹം പിന്താങ്ങുകയായിരുന്നു. പത്തിലധികം കൊലപാതക കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി തിരയുന്നയാളാണ് നിജ്ജര്‍. 2014 ല്‍ ഇന്‍റര്‍പോളിന്‍റെ റെഡ് നോട്ടിസിന്‍റെ (Interpol Red Notice) പശ്ചാത്തലത്തില്‍ വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ കാനഡയിലേക്ക് കടക്കുന്നതും.
പിടിച്ചുനില്‍ക്കാന്‍ അടിസ്ഥാനരഹിത ആരോപണങ്ങളോ? :കനേഡിയന്‍ ഭരണകൂടം ഹര്‍ദീപിനെ അറസ്‌റ്റ് ചെയ്യുന്നതില്‍ താല്‍പര്യം കാണിച്ചില്ല എന്നുമാത്രമല്ല അയാള്‍ക്ക് അവരുടെ പൗരത്വവും നല്‍കി. സ്വന്തം പൗരനെ തീവ്രവാദിയെന്ന് കണ്ട് കൈയ്യാമം വയ്‌ക്കുന്നതില്‍ നാണക്കേടാണെങ്കില്‍, ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ട്രൂഡോയുടെ വിവരക്കേടിന്‍റെ തെളിവുമാണ്. മുന്‍ യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ മൈക്കള്‍ റൂബിന്‍ അടുത്തിടെ പറഞ്ഞതുപോലെ, കനേഡിയന്‍ പ്രധാനമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എഴുന്നള്ളിച്ച് വളരെ വലുതും തിരിച്ചെടുക്കാനാവാത്തതുമായ തെറ്റ് ചെയ്‌തിരിക്കുന്നു.
അതായത് ദുര്‍ബലമായ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന നാഷണൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‌മീത് സിങ്ങിന്‍റെ പിന്തുണക്കായും സിക്ക് വിഭാഗത്തിലെ വോട്ടുകള്‍ നേടുന്നതിനായുമാണ് ജസ്‌റ്റിന്‍ ട്രൂഡോ നിലവില്‍ ഈ അനാവശ്യ പ്രതികരണം നടത്തിയിട്ടുള്ളത്.
മുമ്പും കാനഡ, അന്ന് ട്രൂഡോ സീനിയര്‍:കാനഡ ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ തുരുത്തായി മാറുന്നത് ഇതാദ്യമായല്ല. 1982 ല്‍ സുര്‍ജന്‍ സിങ് ഗില്‍ എന്ന സ്വയം പ്രഖ്യാപിത ഖലിസ്ഥാന്‍ കൗണ്‍സില്‍ ജനറലും സമാനമായ ഭീഷണിയായി മാറിയിരുന്നു. ഖലിസ്ഥാനി പാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്നതിന്‍റെ തിരക്കുകളിലായിരുന്നു അദ്ദേഹം. പഞ്ചാബില്‍ വച്ച് രണ്ട് പൊലീസുകാരെ കൊലപ്പെടുത്തി കാനഡയിലേക്ക് രക്ഷപ്പെട്ട തല്‍വിന്ദര്‍ സിങ് പാര്‍മറിനെ കൈമാറാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പിയറി എല്ലിയറ്റ് ട്രൂഡോയും (ഇന്നത്തെ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയയുടെ പിതാവ്) വിസമ്മതിച്ചു.
എന്നാല്‍ 1985 ല്‍ എയര്‍ ഇന്ത്യയുടെ 'കനിഷ്‌ക' എന്ന വിമാനം തകര്‍ത്ത ഖലിസ്ഥാനികള്‍ ഇല്ലാതാക്കിയത് മുന്നൂറിലധികം ജീവനുകളാണ്. മാത്രമല്ല ഹീനമായ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കാനുള്ള കാനഡയുടെ ഈ തീരുമാനം ദീര്‍ഘകാല നയതന്ത്ര തര്‍ക്കങ്ങളിലേക്കും നയിച്ചിരുന്നു. അതേസമയം വിമാനത്തിനുനേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍കൂറായുള്ള വിവരങ്ങള്‍ കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവഗണിച്ചതായും പിന്നീട് തെളിഞ്ഞു.
മുന്നറിയിപ്പുകള്‍ വിഴുങ്ങി കാനഡ: ഇന്ത്യ എതിര്‍ക്കുന്ന കുറഞ്ഞത് ഒമ്പതോളം വിഘടനവാദ ഗ്രൂപ്പുകള്‍ കാനഡയുടെ മണ്ണില്‍ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. 2018 ല്‍ ജസ്‌റ്റിന്‍ ട്രൂഡോ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അദ്ദേഹത്തെ അമൃത്‌സറില്‍ വച്ച് കണ്ടിരുന്നു. കാനഡയില്‍ മറഞ്ഞിരിക്കുന്ന ഒമ്പത് എ കാറ്റഗറി ഭീകരവാദികളുടെ പട്ടിക അദ്ദേഹം ട്രൂഡോയ്‌ക്ക് കൈമാറുകയും അവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
എന്നാല്‍ ഈ ആശങ്കകളോട് കാനഡ സര്‍ക്കാര്‍ പ്രതികരിച്ചില്ല. അടുത്തിടെ ജി20 ഉച്ചകോടിക്കിടെ ജസ്‌റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്‌ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, കാനഡ ഇന്ത്യ വിരുദ്ധ ശക്തികളുടെ താവളമാവുന്നത് ഭാവിയില്‍ രാജ്യത്തിന് വലിയ വിപത്താകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. മാത്രമല്ല, തീവ്രവാദം തടയുന്നതിന് അന്താരാഷ്ട്ര നിയമ വ്യവസ്ഥകൾ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
രക്ഷക്കെത്തുമോ നിയമങ്ങള്‍ : മോദി അഭിപ്രായപ്പെട്ടതുപോലെ - തീവ്രവാദം തടയുന്നതിന് അന്താരാഷ്ട്ര നിയമ വ്യവസ്ഥകൾ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.ആഗോള സുരക്ഷ നിലനിര്‍ത്തുന്നതിന് അന്താരാഷ്‌ട്ര സഹകരണവും ഇത്തരം ഭീഷണികളെ ചെറുക്കാനുള്ള ശ്രമങ്ങളും അത്യന്താപേക്ഷിതമാണ്. എങ്കില്‍ മാത്രമേ അതിര്‍ത്തിക്കപ്പുറത്തിരുന്ന് രക്തം ചിന്തുന്ന ഭീകരതയെന്ന പൈശാചികതയെ നിലംപരിശാക്കാനാവുകയുള്ളൂ.