കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യയ്‌ക്കായി നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ രവി ബിഷ്‌ണോയി ആണ് കളിയിലെ കേമൻ.
വിൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കം നല്‍കി. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറുകളിൽ തകർത്തടിച്ച സൂര്യകുമാർ യാദവിന്‍റെയും വെങ്കിടേശ് അയ്യരുടെയും മികവിലാണ് ഇന്ത്യ ജയത്തിലെത്തിയത്.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 157-7, ഇന്ത്യ 18.5 ഓവറില്‍ 164-4
കെഎല്‍ രാഹുലിന്‍റെ അഭാവത്തില്‍ രോഹിത്തും ഇഷാനും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ അഞ്ചോവറില്‍ 57 റണ്‍സാണ് ഇരുവരും സ്‌കോർ ബോർഡിൽ ചേർത്തത്. പവര്‍ പ്ലേക്ക് പിന്നാലെ രോഹിത്തിനെ നഷ്‌ടമായി.
ഇഷാൻ കിഷനെയും കോലിയെയും അടുത്തടുത്ത ഓവറുകളിൽ നഷ്‌ടമായ ഇന്ത്യ . 13 പന്തില്‍ ഒരു ബൗണ്ടറിയടക്കം 17 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സംഭാവന. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയാണ് തുടങ്ങിയത്. മറുവശത്ത് താളം കണ്ടെത്താൻ പ്രയാസപ്പെട്ട ഋഷഭ് പന്ത് എട്ട് റൺസുമായി മടങ്ങി.