ന്യൂഡൽഹി : ചൈനയുമായി ബന്ധമുള്ള കൂടുതൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. 138 വാതുവയ്‌പ്പ് ആപ്പുകളും 94 ലോൺ ആപ്പുകളുമാണ് നിരോധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ ആപ്പുകളിൽ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളും വിവരങ്ങളും അടങ്ങിയിരിക്കുന്നുവെന്ന നിരീക്ഷണത്തെ തുടർന്ന് ഐടി ആക്‌ടിലെ വകുപ്പ് 69 പ്രകാരമാണ് നിരോധനം.
ചൈനീസ് പൗരന്മാർ ഇന്ത്യക്കാരെ ജോലിക്കെടുത്ത് ഇത്തരം ആപ്പുകളുടെ നടത്തിപ്പുകാരാക്കുന്നതായാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിടുന്ന വിവരം. ഇത്തരം ആപ്പുകളിലൂടെ ചെറിയ തുകയ്‌ക്ക് വായ്‌പയെടുക്കുന്ന സാധാരണക്കാര്‍ പിന്നീട് കൊള്ളയടിക്കപ്പെടുന്നു. തുടര്‍ന്ന് ഇവരുടെ ഉപദ്രവം നേരിടുകയും ചെയ്യുന്ന നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രതിവർഷം പലിശ വർധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ അവരുടെ മോർഫ് ചെയ്‌ത ഫോട്ടോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ അയച്ച് അപമാനിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്.