മുംബൈ : പ്രതിപക്ഷ മഹാസഖ്യമായ 'ഇന്ത്യ'യുടെ മൂന്നാംഘട്ട യോഗം അടുത്ത രണ്ട് ദിവസങ്ങളിലായി മുംബൈയിൽ ചേരും. യോഗത്തിൽ സഖ്യത്തിന്‍റെ ഏകോപന സമിതിയെ (Coordination Committee) പ്രഖ്യാപിക്കുന്നതോടൊപ്പം ലോഗോയും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സഖ്യ തന്ത്രങ്ങളും സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനവും യോഗം ചർച്ച ചെയ്യുന്നതോടൊപ്പം ഒരു പൊതു മിനിമം പരിപാടിയുടെ കരട് (Draft a common minimum programme) തയ്യാറാക്കുകയും ചെയ്യും.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സർക്കാരിനെതിരെ പോരാടാനായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച സഖ്യമാണ് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ്). ഈ യോഗത്തിനുള്ള ഒരുക്കങ്ങൾ മുംബൈയിൽ പൂർത്തിയായി. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാൻഡ് ഹയാറ്റിൽ ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് സമ്മേളനം (INDIA Alliance meeting in Mumbai).
ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് (Jammu Kashmir National Conference) നേതാവായ ഫറൂഖ് അബ്‌ദുല്ല അടക്കമുള്ള നേതാക്കൻമാർ മുംബൈയിൽ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ഈ യോഗങ്ങളെല്ലാം പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. ഭാവി പദ്ധതികളുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. സീറ്റ് വിഭജനത്തിന് തിടുക്കം കൂട്ടേണ്ടതില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്‌ദുല്ല (Farooq Abdullah) പറഞ്ഞു.