ന്യൂഡൽഹി : കയറ്റുമതിയിൽ രാജ്യം 400 ബില്യൺ ഡോളറിന്‍റെ നിർണായക നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് കയറ്റുമതിയില്‍ 400 ബില്യണ്‍ ഡോളർ എന്ന ലക്ഷ്യം ഇന്ത്യ പൂർത്തീകരിക്കുന്നത്. കയറ്റുമതിയിലെ വൻ കുതിപ്പിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, പുതിയ നേട്ടം ഇന്ത്യയുടെ സാധ്യതകളെയും കഴിവുകളെയും സൂചിപ്പിക്കുന്നതാണെന്നും പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു പരാമർശം. ചരിത്രനേട്ടം ലോകത്ത് ഇന്ത്യൻ ഉത്പന്നങ്ങളുടെ ആവശ്യം ഉയരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. അത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട സംരംഭകരുടെ നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു. 1.5 ലക്ഷം ചെറുകിട സംരംഭകരാണ് ഗവൺമെന്‍റ് ഇ - മാർക്കറ്റ് പ്ലേസ് (GeM) വഴി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നത്.
ALSO READ:കൊവിഡിന്‍റെ രണ്ട് വർഷത്തെ ഇടവേള ; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ച് ഇന്ത്യ
നേരത്തെ വൻകിട സംരംഭകർക്ക് മാത്രമേ അവരുടെ ഉത്പന്നങ്ങൾ ഇത്തരത്തിൽ വിനിമയം ചെയ്യാൻ കഴിയൂ എന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ ജിഇഎം പോർട്ടൽ ആ ധാരണ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഡാക്കിലെ ആപ്രിക്കോട്ട്, തമിഴ്‌നാട്ടിലെ വാഴപ്പഴം, ഹിമാചലിലെ തിനകൾ തുടങ്ങി നിരവധി പഴങ്ങളും പച്ചക്കറികളും ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നുണ്ട്.
രാജ്യത്തെ കർഷകരുടെയും നിർമാതാക്കളുടെയും വ്യവസായമേഖലയുടെയും കഠിനാധ്വാനം പോലെ തന്നെ 'മേക്ക് ഇൻ ഇന്ത്യ' ഉത്പന്നങ്ങളുടെ പട്ടികയും വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജാപ്പൂരിലെ പഴങ്ങളും പച്ചക്കറികളും മുതൽ ചന്ദോളിയിൽ നിന്നുള്ള കറുത്ത അരി വരെ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നു. ഡെന്മാർക്ക്, ദക്ഷിണ കൊറിയ, ലണ്ടൻ, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വിതരണം ചെയ്യുന്നു എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കാന്‍ ഒന്‍പത് ദിവസം ബാക്കിനിൽക്കെയാണ് 400 ബില്യൺ യുഎസ് ഡോളറിന്‍റെ എക്കാലത്തെയും ഉയർന്ന കയറ്റുമതി ലക്ഷ്യം രാജ്യം കൈവരിച്ചിരിക്കുന്നത്.