ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിനിടെ നടത്തിയ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച് അന്വേഷണം ആരംഭിക്കാൻ യുഎൻ മനുഷ്യാവകാശ സമിതിയിൽ നടത്തിയ പ്രമേയത്തിൽ വോട്ടുചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 47 അംഗങ്ങളുള്ള യുഎൻ ബോഡിയിൽ 24 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഒമ്പത് പേർ എതിർത്തു. ഇന്ത്യക്കൊപ്പം 13 അംഗ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് ചൈനയും റഷ്യയും അനുകൂലമായി വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നുണ്ട്.
ഇസ്രയേലും സായുധ സംഘങ്ങളും തമ്മിൽ വെടിനിർത്തൽ ഉണ്ടാക്കാൻ കാരണമായ അന്താരാഷ്ട്ര സമൂഹത്തിന്‍റെയും പ്രാദേശിക രാജ്യങ്ങളുടെയും നയതന്ത്ര ശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് യുഎന്നിന്‍റെ ഇന്ത്യൻ പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പ്രത്യേക സെഷനിൽ പറഞ്ഞു. ഹറം അൽ ഷെരീഫ് , ടെമ്പിൾ മൗണ്ട് തുടങ്ങി മറ്റ് പലസ്തീൻ പ്രദേശങ്ങളിൽ തുടരുന്ന അക്രമങ്ങളെക്കുറിച്ചും കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറാ, സിൽവാൻ പ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കൽ പ്രക്രിയയെക്കുറിച്ച് ആശങ്കാകുലരാണെന്നും ഇന്ദ്ര മണി പാണ്ഡെ കൂട്ടിച്ചേർത്തു.