ന്യൂയോര്‍ക്ക്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായ പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചു. 141 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോള്‍ അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. യുക്രൈന്‍ വിഷയത്തിൽ യുഎന്നിലെ വോട്ടെടുപ്പിൽ നിന്ന് ഇത് നാലാം തവണയാണ് ഇന്ത്യ മാറിനില്‍ക്കുന്നത്.
യുക്രൈനിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വളരെയധികം ആശങ്കാകുലരാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. വെടിനിർത്തലിനുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ ആഹ്വാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ എന്ന നയത്തില്‍ ഉറച്ചുനിൽക്കുന്നുവെന്നും തിരുമൂര്‍ത്തി വിശദീകരിച്ചു.
റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകളില്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും ഉൾപ്പടെ ഇന്ത്യ ഇതിനകം യുക്രൈനിലേക്ക് മാനുഷിക സഹായം അയച്ചിട്ടുണ്ടെന്നും തിരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
Also read: ഖാര്‍സണ്‍ നഗരം പിടിച്ചെടുത്ത് റഷ്യ ; കീവിലും ഖാര്‍കീവിലും ജനവാസ മേഖലയില്‍ ആക്രമണം
റഷ്യയ്ക്ക് പുറമേ, ബെലാറുസ്, സിറിയ, ഉത്തര കൊറിയ, എറിത്രിയ എന്നീ നാല് രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. യുഎന്‍ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന യുഎഇ പൊതുസഭയിൽ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തു.
ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോള്‍ നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ കിർഖിസ്ഥാൻ, കസാക്കിസ്ഥാൻ, അർമേനിയ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് ഒഴിഞ്ഞുനിന്നു.
യുഎന്‍ പൊതുസഭയിലെ പ്രമേയത്തിന് പ്രതീകാത്മകമായ പ്രാധാന്യം മാത്രമേയുള്ളൂവെങ്കിലും പ്രമേയം പാസായത് യുഎസിനും സഖ്യകക്ഷികൾക്കും നയതന്ത്ര വിജയമാണ്. 2014ൽ ക്രിമിയയില്‍ റഷ്യ നടത്തിയ അധിനിവേശത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തിന് ലഭിച്ച വോട്ടുകളേക്കാള്‍ ഇത്തവണ 41 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. അതേസമയം, പ്രമേയത്തില്‍ റഷ്യന്‍ നടപടിയെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്.