ന്യൂഡൽഹി : 77-ാമത് സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദൗപതി മുർമു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗം ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും വൈകിട്ട് 7 മണി മുതൽ ഹിന്ദിയിലും ഇംഗ്ലീഷ് പതിപ്പിലും സംപ്രേഷണം ചെയ്യുമെന്ന് രാഷ്‌ട്രപതി ഭവൻ അറിയിച്ചു.
ചെങ്കോട്ടയിലെ ആഘോഷങ്ങളുടെ ഭാഗമാകാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശിഷ്‌ട അതിഥികളെ കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്. വിവിധ തൊഴിൽ മേഖലയിലുള്ള 1,800 പേരെയാണ് കേന്ദ്രം ക്ഷണിച്ചത്. നാളെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുകയും രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയും ചെയ്യും. 2021 മാർച്ച് 12ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് മോദി ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനവും നാളെ നടക്കും.
ഗതാഗത നിയന്ത്രണം : നാളെ നഗരത്തിൽ സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാൻ ഡൽഹി പൊലീസ് നിർദേശം നൽകി. ചെങ്കോട്ടയ്ക്ക് ചുറ്റും പുലർച്ചെ 4 മുതൽ രാവിലെ 10 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. അംഗീകൃത വാഹനങ്ങൾക്ക് മാത്രമായിരിക്കും ഇതുവഴി സഞ്ചരിക്കാൻ കഴിയുക.
നേതാജി സുഭാഷ് മാർഗ്, ലോതിയൻ റോഡ്, എസ്‌പി മുഖർജി മാർഗ്, ചാന്ദ്‌നി ചൗക്ക് റോഡ്, നിഷാദ് രാജ് മാർഗ്, എസ്പ്ലനേഡ് റോഡ്, നേതാജി സുഭാഷ് മാർഗിലേക്കുള്ള ലിങ്ക് റോഡ്, രാജ്ഘട്ടിൽ നിന്ന് ഐഎസ്ബിടി വരെയുള്ള റിങ് റോഡ്, ഐഎസ്ബിടി മുതൽ ഐപി ഫ്ലൈഓവർ വരെയുള്ള ഔട്ടർ റിങ് റോഡ് എന്നീ റോഡുകളിലൂടെ വാഹനം കടത്തിവിടില്ല.
വടക്കൻ ഡൽഹിയിൽ നിന്ന് തെക്കൻ ഡൽഹിയിലേക്കും തിരിച്ചുള്ള യാത്രക്കും അരബിന്ദോ മാർഗ്, സഫ്‌ദർജംഗ് റോഡ്, കമൽ അത്താതുർക്ക് മാർഗ്, കൗടില്യ മാർഗ്, എസ്‌പി മാർഗ്, 11 മൂർത്തി, മദർ തെരേസ ക്രസന്‍റ്, പാർക്ക് സ്ട്രീറ്റ്, മന്ദിർ മാർഗ്, പഞ്ച്കുല റോഡ്, റാണി ഝാൻസി റോഡ് എന്നിവിടങ്ങളിൽ നിന്ന് ബദൽ റൂട്ടുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
സാധാരണയായി ചെങ്കോട്ട, ജുമാമസ്‌ജിദ്, ഡൽഹി മെയിൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ വഴിതിരിച്ചുവിടുകയോ സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കുകയോ ചെയ്യണം. നാളെ രാവിലെ 11 മണിക്ക് ശേഷം സാധാരണ ബസ് സർവീസ് പുനഃസ്ഥാപിക്കും. ഇന്ന് പുലർച്ചെ 12 മുതൽ നാളെ രാവിലെ 11 മണി വരെ നിസാമുദ്ദീൻ ഖട്ടയ്ക്കും വസീറാബാദ് പാലത്തിനും ഇടയിൽ ചരക്ക് വാഹനങ്ങൾ കടന്നുപോകുന്നതിന് അനുവാദമില്ല. മഹാറാണ പ്രതാപ് ഐഎസ്ബിടിക്കും സരായ് കാലെ ഖാൻ ഐഎസ്ബിടിക്കും ഇടയിൽ അന്തർസംസ്ഥാന ബസുകളും അനുവദിക്കില്ല.
ഡിടിസി ഉൾപ്പെടെയുള്ള ലോക്കൽ സിറ്റി ബസുകൾ ഇന്ന് 12 മുതൽ നാളെ രാവിലെ 11 വരെ റിങ് റോഡിൽ ഐഎസ്ബിടി കശ്‌മീർ ഗേറ്റിനും റിങ് റോഡ് - NH-24 (NH-9)/NH T-പോയിന്‍റിനും ഇടയിലും ഗതാഗതം നിയന്ത്രിക്കും. ഇതിന് പകരമായി ലഭ്യമായ ബദൽ റൂട്ടുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
വിശിഷ്‌ടാതിഥികൾ : 660-ലധികം ഗ്രാമങ്ങളിലെ 400ലധികം സർപഞ്ചുമാർ വിശിഷ്‌ട അതിഥികളിൽ ഉൾപ്പെടുന്നു. കർഷക ഉത്പാദക സംഘടനകളുടെ പദ്ധതിയിൽ നിന്ന് 250 പേരും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാൻ മന്ത്രി കൗശൽ വികാസ് യോജനയിലും 50 പേർ വീതവും, സെൻട്രൽ വിസ്‌ത പദ്ധതിയുടെ 50 നിർമ്മാണ തൊഴിലാളികളും, 50 ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമാണം, അമൃത് സരോവർ, ഹർ ഘർ ജൽ യോജന എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, പ്രൈമറി സ്‌കൂൾ അധ്യാപകർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ 50 പേരെയും ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 75 ദമ്പതികളെയും അവരുടെ പരമ്പരാഗത വസ്ത്രധാരണത്തില്‍ ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചിട്ടുണ്ട്.