ന്യൂഡൽഹി: വരാനുള്ള 25 വർഷം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് അഞ്ച് ലക്ഷ്യങ്ങളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 1. സമ്പൂര്‍ണ വികസിത ഭാരതം 2. അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണ മോചനം 3. പാരമ്പര്യത്തിലുള്ള അഭിമാനം 4. ഐക്യവും അഖണ്ഡതയും 5. പൗരധര്‍മം പാലിക്കൽ എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച അഞ്ചിന പരിപാടി (പഞ്ച് പ്രാൺ). സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ രാജ്‌ഘട്ടിലെത്തിയ മോദി പുഷ്‌പാർച്ചന നടത്തി.
വൈവിധ്യമാണ് ശക്തി: 75 വർഷത്തെ ഇന്ത്യയുടെ യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുവിളികൾക്കിടയിലും രാജ്യം മുന്നേറി. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഒരിക്കലും കീഴടങ്ങിയില്ല. സ്വാതന്ത്ര്യം നേടിയപ്പോൾ നമ്മുടെ വികസനപാതയെ സംശയിച്ച നിരവധി പേരുണ്ടായിരുന്നു. പക്ഷേ, ഈ നാട്ടിലെ ജനങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായ ഒരു കാര്യമുണ്ടെന്ന് അവർക്കറിയില്ലായിരുന്നു. ഈ മണ്ണ് പ്രത്യേകതകൾ നിറഞ്ഞതാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി.
അഭിമാനിക്കണം മാതൃഭാഷയില്‍: ഓരോ ഇന്ത്യക്കാരനും സ്വന്തം മാതൃഭാഷയിൽ അഭിമാനിക്കണം. അഴിമതിയും കുടുംബരാഷ്ട്രീയവുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങളെന്നും ഇതിനെതിരെ പോരാടണമെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കി. സ്ത്രീവിരുദ്ധത തുടച്ചുനീക്കണം. സ്ത്രീകളെ ബഹുമാനിക്കാൻ കഴിയണം. സ്ത്രീവിരുദ്ധ നിലപാടുകൾ മാറണം. എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യത്തിനായി പുതിയ മന്ത്രവും മോദി അവതരിപ്പിച്ചു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ ജയ് അനുസന്ധാൻ എന്നിവയാണ് പുതിയ മന്ത്രമായി അദ്ദേഹം അവതരിപ്പിച്ചത്.