ന്യൂഡൽഹി:രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ യുഎസ് ആസ്ഥാനമായ ഗൂഗിളും ഇന്ത്യയുടെ ആഘോഷവേളയിൽ പങ്കാളിയാകുകയാണ്. സ്വാതന്ത്ര്യദിനത്തിൽ ഗൂഗിൾ ഡൂഡിലായി രാജ്യത്തെ വൈവിധ്യമാർന്ന സാംസ്‌കാരിക നൃത്തരൂപങ്ങളുടെ ഛായചിത്രമാണ് നൽകിയിരിക്കുന്നത്.
ഗൂഗിൾ എന്നതിന്‍റെ ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ചുകൊണ്ട് വിവിധ വർണങ്ങളിൽ ഓരോ നർത്തകരെയും അവരുടെ കൈവശമുള്ള ഉപകരണങ്ങളെയും ക്രമീകരിച്ചിരിക്കുന്നതാണ് ഈ ഡിജിറ്റൽ കലാസൃഷ്‌ടി. കൊൽക്കത്തയിലെ സയൻ മുഖർജിയാണ് ഡൂഡിൽ നിർമിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറ് കലാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രത്തിൽ ആറ് കലാകാരന്മാർ തനതായ പരമ്പരാഗത വസ്‌ത്രങ്ങളും നൃത്തോപകരണങ്ങളും അണിഞ്ഞ് നിരയായി നിൽക്കുന്നത് കാണാം.