ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളിലും വമ്പന്‍ പേരുകാരായ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇവര്‍ക്കിടെയില്‍ ശ്രദ്ധേയമായ പ്രകടനമാണ് പരമ്പരയിലൂടെ രാജ്യാന്തര അരങ്ങേറ്റം നടത്തിയ തിലക് വര്‍മ (Tilak Varma) കാഴ്‌ച വച്ചത്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ 22 പന്തുകളില്‍ നിന്നും 39 റണ്‍സ് നേടി സന്ദര്‍ശകരുടെ ടോപ് സ്‌കോററായിരുന്നു.
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ അന്താരാഷ്‌ട്ര കരിയറിലെ കന്നി അര്‍ധ സെഞ്ചുറി റൂക്കി ബാറ്റര്‍ അടിച്ചെടുത്തു. 41 പന്തുകളില്‍ നിന്നും 51 റണ്‍സായിരുന്നു തിലക് വര്‍മ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും തിലകിന് കഴിഞ്ഞു. രാജ്യാന്തര ടി20യില്‍ ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡാണ് തിലക് സ്വന്തം പേരിലാക്കിയത്.
പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ വിന്‍ഡീസ് ബോളര്‍മാരെ മികച്ച രീതിയില്‍ നേരിട്ട് അര്‍ധ സെഞ്ചുറി നേടുമ്പോള്‍ 20 വയസും 271 ദിവസവുമായിരുന്നു തിലകിന്‍റെ പ്രായം. ഇതോടെ 21 വയസവും 38 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ധ സെഞ്ചുറി നേടിയ റിഷഭ് പന്ത് (Rishabh Pant) മൂന്നാം സ്ഥാനത്തേക്ക് താഴ്‌ന്നു. 2018-ല്‍ വിന്‍ഡീസിനെതിരെ തന്നെ അര്‍ധ സെഞ്ചുറി നേടിയായിരുന്നു പന്ത് പട്ടികയില്‍ ഇടം നേടിയത്.
നിലിവിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയാണ് (Rohit Sharma) പട്ടികയില്‍ തലപ്പത്തുള്ളത്. 20 വയസും 143 ദിവസവും പ്രായമുള്ളപ്പോളായിരുന്നു രോഹിത് അന്താരാഷ്‌ട്ര ടി20യില്‍ തന്‍റെ കന്നി അര്‍ധ സെഞ്ചുറി നേടിയത്. 20007-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയായിരുന്നു രോഹിത് ടി20യിലെ തന്‍റെ ആദ്യ അര്‍ധ സെഞ്ചുറി കണ്ടെത്തിയത്.
അന്താരാഷ്‌ട്ര തലത്തിലെ തന്‍റെ കന്നി സെഞ്ചുറി നേടിയതിന് ശേഷമുള്ള ആഘോഷം രോഹിത് ശര്‍മയുടെ മകള്‍ സമൈറയ്ക്ക് സമർപ്പിക്കുന്നതായി തിലക് പറഞ്ഞിരുന്നു. താനും സമ്മിയും തന്നില്‍ വളരെ അടുപ്പമുണ്ട്. ഒരു സെഞ്ചുറിയോ, അര്‍ധ സെഞ്ചുറിയോ നേടുമ്പോഴെല്ലാം അവൾക്കായി ആഘോഷം നടത്തുമെന്ന് താന്‍ അവളോട് വാഗ്ദാനം ചെയ്തിരുന്നുവെന്നുമായിരുന്നു തിലക് പറഞ്ഞത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികച്ച തുടക്കത്തിന് രോഹിത് ശർമ നല്‍കിയ നിരന്തരമായ മാർഗ നിർദേശങ്ങള്‍ വലിയ പങ്കുവഹിച്ചതായും തിലക് വര്‍മ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തിരുന്നു.
അതേസമയം തിലക് ഭവിയുടെ താരമാണുള്ള വിലയിരുത്തലുകള്‍ ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. തിലക് വര്‍മയിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി മറഞ്ഞിരിക്കുന്നത് മുന്‍ പേസര്‍ ആര്‍പി സിങ് പ്രതികരിച്ചിരുന്നു. ടീമിന്‍റെ മധ്യനിരയില്‍ ഒരു ഇടങ്കയ്യന്‍ ബാറ്റര്‍ക്കായുള്ള അന്വേഷണമാണ് തിലകില്‍ എത്തി നില്‍ക്കുന്നതെന്നും ആര്‍പി സിങ് പ്രതികരിച്ചിരുന്നു.
ALSO READ: Sanju Samson|'സഞ്ജുവിന് അവസരങ്ങളുണ്ട്, മുതലാക്കുന്നില്ലെന്ന്' മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ