ഡെറാഡൂൺ: പരിസ്ഥിതി ദുർബല പ്രദേശമായ ഹിമാലയൻ മേഖലയിൽ മനുഷ്യരുടെ കടന്നു കയറ്റം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായെന്ന് വാഡിയ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഡയറക്‌ടർ കലാചന്ദ് സായ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കഴിഞ്ഞ ദിവസം മഞ്ഞുമല ഇടിഞ്ഞ് ഉണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിമാലയൻ മേഖലയിൽ മനുഷ്യരുടെ കടന്നു കയറ്റം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി: കലാചന്ദ് സായ് - ഉത്തരാഖണ്ഡ്
2013ൽ ഉത്തരാഖണ്ഡ് സമാനമായ സംഭവത്തിന് സാക്ഷിയാകേണ്ടി വന്നിരുന്നു
മഞ്ഞുമലയിടിഞ്ഞ് ധൗലി ഗംഗ നദിയിൽ വെള്ളപ്പൊക്കം ഉണ്ടാകുകയും പ്രദേശത്ത് വലിയ തോതിൽ നാശമുണ്ടാകുകയും ചെയ്തിരുന്നു. തപോവൻ-റെനി പവർ പ്രൊജക്‌റ്റിന്‍റെ ഭാഗമായി പ്രദേശത്ത് ജോലി ചെയ്ത 150 ഓളം തൊഴിലാളികൾ മരിച്ചതായി കണക്കാക്കുന്നു എന്ന് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് വക്താവ് അറിയിച്ചു. ഇതുവരെ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. മഞ്ഞുമല ഇടിഞ്ഞു വീഴാനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ പരിസ്ഥിതി ദുർബല പ്രദേശമായ ഹിമാലയൻ മേഖലയിൽ മനുഷ്യരുടെ കടന്നു കയറ്റം പ്രളയം ഉണ്ടാകുന്നതിന് കാരണമായി എന്ന് കലാചന്ദ് സായ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലമായിരിക്കാം ഈ ദുരന്തം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഹിമാലയൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഞ്ഞു മല പൊട്ടിത്തെറിക്കുന്നത് അപൂർവ സംഭവമാണ്. ഉപഗ്രഹ ചിത്രങ്ങളിലോ ഗൂഗിൾ എർത്ത് ചിത്രങ്ങളിലോ ഈ പ്രദേശത്ത് മഞ്ഞ് തടാകത്തെ കാണിക്കുന്നില്ല. എന്നാൽ ഒരു വാട്ടർ പോക്കറ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ക്രമാതീതമായി ചൂട് വർധിക്കുന്നത് മഞ്ഞ് കൂടുതലായി ഉരുകുന്നതിന് കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി.
2013ൽ ഉത്തരാഖണ്ഡ് സമാനമായ സംഭവത്തിന് സാക്ഷിയാകേണ്ടി വന്നിരുന്നു. ആ വർഷമുണ്ടായ പ്രളയം ഉത്തരാഖണ്ഡിലെ പുരി, തെഹ്‌രി, രുദ്രപ്രയാഗ്, ഹരിദ്വാർ, ഡെറാഡൂൺ എന്നിവയുൾപ്പെടെ നിരവധി ജില്ലകളെ ബാധിച്ചിരുന്നു.