മുംബൈ:മഹാരാഷ്ട്രയിൽ കൊവിഡ് മുക്തരായവരിൽ മ്യൂക്കോർമൈക്കോസിസ് എന്ന അപൂർവ രോഗം പടരുന്നതായി റിപ്പോർട്ട്. നിലവിൽ 26 രോഗികളെ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ കെഇഎം ആശുപത്രിയിലും 25 രോഗികളെ പരേൽ ഗ്ലോബൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ഏഴ് രോഗികൾക്ക് കാഴ്ച നഷ്ടമായി. രോഗം നിയന്ത്രണവിധേയമാക്കാൻ സംസ്ഥാന സർക്കാരും കൊവിഡ് ടാസ്ക് ഫോഴ്സും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഗ്ലോബൽ ആശുപത്രിയിലെ ആരോഗ്യ വിദഗ്ദൻ ഡോ. മിലിന്ദ് നവലഖെ ഇടിവി ഭാരതിനോട് പറഞ്ഞു.
അപകടകാരിയായ ഫംഗസ്
രോഗപ്രതിരോധശേഷി കുറവുള്ള കൊവിഡ് രോഗികളുടെ മൂക്കിലേക്ക് ഫംഗസ് പ്രവേശിക്കുകയും തുടർന്ന് ചെവി, കണ്ണ്, തലച്ചോർ എന്നിവയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. മൂക്ക് വീക്കം, സൈനസ് പ്രശ്നങ്ങൾ, ചെങ്കണ്ണ് എന്നിവയാണ് ആദ്യ രോഗ ലക്ഷണങ്ങൾ. ചികിത്സ വൈകിയാൽ തലച്ചോറിന് ഗുരുതരമായ തകരാറോ അല്ലെങ്കിൽ മരണമോ വരെ സംഭവിച്ചേക്കാം. മരണനിരക്ക് സാധ്യത 50 ശതമാനമാണെന്നാണ് ഡോ. വലഖെ പറയുന്നത്. രണ്ട് തരത്തിലുള്ള മ്യൂക്കസ് ഫംഗസുകളാണുള്ളത്. നിലവിൽ കൊവിഡ് രോഗികളിൽ പടർന്നുപിടിക്കുന്ന ഫംഗസ് അപകടകരമാണെന്ന് കെഇഎം ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവി ഡോ. ഹേതൽ മാർഫേഷ്യ പറഞ്ഞു. കൊവിഡ് മഹാമാരിക്ക് മുന്‍പ് പത്തിലധികം രോഗികളെയാണ് കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് എന്നാലിപ്പോൾ ദിവസേന ഏഴിലധികം രോഗ ബാധിതരാണ് ആശുപത്രിയിൽ പ്രവേശനം നേടുന്നതെന്ന് ഹേതൽ കൂട്ടിച്ചേർത്തു. ഇതിൽ 10 രോഗികളുടെ തലച്ചോറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രമേഹ രോഗികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്. അതിനാൽ പ്രമേഹം പിടിപെടാതിരിക്കാൻ മുന്‍കരുതലെടുക്കണം.
ചികിത്സ ചിലവ്
മുകോർമൈക്കോസിസിനുള്ള ചികിത്സ വളരെ ചെലവേറിയതാണ്. ചുരുങ്ങിയത് ഒന്നര മാസമെങ്കിലും രോഗികൾ ആശുപത്രിയിൽ കഴിയണം. സംസ്ഥാന സർക്കാർ ഈ രോഗത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.