ബാലംഗീർ : ഒഡിഷയിൽ ഇന്നലെ വരെ നടന്ന ഇൻകം ടാക്‌സ് റെയ്‌ഡിൽ പിടിച്ചെടുത്ത 275 കോടിയോളം രൂപയിൽ ഇതുവരെ എണ്ണി തീർക്കാനായത് 46 കോടി രൂപ മാത്രം (Income Tax Raids In Odisha Lead To Seizure Of Nearly 300 Crores). ഒഡിഷയിലെ ബാലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് പണം എണ്ണുന്നത്. എണ്ണിത്തുടങ്ങി രണ്ടാം ദിവസം 46 കോടി രൂപ വരെ എണ്ണിയതായി ബാലംഗീർ എസ്ബിഐ റീജിയണൽ മാനേജർ അറിയിച്ചു. ആകെ 176 ബാഗ് പണമാണ് ബാങ്കില്‍ എണ്ണി തിട്ടപ്പെടുത്താന്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെ വരെ നടന്ന റെയ്‌ഡിൽ ഏകദേശം 225 കോടി രൂപയോളമാണ് കണ്ടെടുത്തത്. ഇന്ന് (ഡിസംബര്‍ 9) നടന്ന റെയ്‌ഡിൽ ബാലംഗീർ ജില്ലയിലെ സുദാപാരയിലുള്ള മദ്യ നിർമാതാവിന്‍റെ വീട്ടിൽ നിന്ന് 50 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. 20 ബാഗുകളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇന്ന് പിടികൂടിയത്. ഇന്നലെ (ഡിസംബര്‍ 8) ഇൻകം ടാക്‌സ് സംഘം 156 ക്യാഷ് ബാഗുകൾ ബാലംഗീറിലെ എസ്ബിഐ മെയിൻ ബ്രാഞ്ചിലേക്ക് എണ്ണാൻ കൊണ്ടുപോയിരുന്നു.
ഇൻകം ടാക്‌സ് ഡയറക്‌ടർ ജനറൽ സഞ്ജയ് ബഹാദൂർ കഴിഞ്ഞ മൂന്ന് ദിവസമായി ഭുവനേശ്വറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ റെയ്‌ഡുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. 150 ഇൻകം ഉദ്യോഗസ്ഥർ മദ്യ-ഡിസ്റ്റിലറി സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്‌ഡുകളിൽ പങ്കെടുക്കുന്നുണ്ട്. റെയ്‌ഡുകളിൽ കണ്ടെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയ്ക്കുവേണ്ടി ഐടി വകുപ്പ് ഹൈദരാബാദിൽ നിന്നുള്ള 20 ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.