മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിന്‍റെ വസതിയില്‍ ഇന്‍കം ടാക്‌സിന്‍റെ റെയ്‌ഡ്. ബാറുകളില്‍ നിന്നും ഹോട്ടലുടമകളില്‍ നിന്നും പണം പിരിക്കാന്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നുവെന്ന് സസ്‌പെന്‍ഷനിലായ മുംബൈ പൊലീസ് ഓഫിസര്‍ സച്ചിന്‍ വാസെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്‌സ് ദേശ്‌മുഖിന്‍റെ വസതിയില്‍ റെയ്‌ഡ് നടത്തിയത്.
ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് 25നാണ് മുംബൈ പൊലീസ് കമ്മിഷറായിരുന്ന പരംബീർ സിംഗ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാൽപര്യ ഹർജി നൽകിയത്. മുംബൈയിലെ ബാറുകളിൽനിന്നും ഹോട്ടലുകളില്‍ നിന്നുമായി മാസം 100 കോടി രൂപയ്ക്ക് മുകളിൽ പിരിച്ചുകൊടുക്കണമെന്ന് ദേശ്‌മുഖ് സച്ചിൻ വാസെയോട് നിര്‍ദേശിച്ചെന്നാണ് പരംബീർ സിംഗിന്‍റെ ആരോപണം. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ദേശ്‌മുഖ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.