ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പഞ്ചാബ് അതിർത്തിയിൽ ആയുധങ്ങളും ലഹരിവസ്‌തുക്കളും കടത്തുന്നതിന് ഡ്രോണുകൾ ഉപയോഗിച്ച 53 കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്. പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലൂടെ ആയുധങ്ങളും മയക്കുമരുന്നുകളും കടത്താൻ കള്ളക്കടത്തുകാരും ദേശദ്രോഹികളും ഡ്രോണുകൾ ധാരാളമായി ഉപയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞു. 2023 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിലുള്ള 53 സംഭവങ്ങൾ കണ്ടെത്തിയതായി രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറഞ്ഞത്.
ഇതിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര അതിർത്തികളിൽ ബിഎസ്‌എഫിന്‍റെ നേതൃത്വത്തിൽ ഫലപ്രദമായ നിരീക്ഷണം, പട്രോളിങ് തുടങ്ങിയ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രമാണിക് പറഞ്ഞു. അതിന് പുറമെ ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ലോക്കൽ പൊലീസിനെ വിവരം അറിയിക്കാനും നടപടിയെടുത്തിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് അത്തരം യുഎവികളെ കുറിച്ചും ഡ്രോൺ പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ സുരക്ഷ പ്രത്യാഘാതങ്ങളെക്കുറിച്ചും വേണ്ട ബോധവൽക്കരണവും അവബോധവും നൽകിയിട്ടുണ്ട്.
കൂടാതെ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ലോക്കൽ പൊലീസിനെയോ ബിഎസ്‌എഫിനേയോ അറിയിക്കാനും അവരെ ബോധവാന്മാരാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിജി ബിഎസ്എഫിന്‍റെ (DG BSF) മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയം ആന്‍റി റോഗ് ഡ്രോൺ ടെക്‌നോളജി കമ്മിറ്റി (എആർഡിടിസി) രൂപീകരിച്ചിട്ടുണ്ടെന്നും ഡ്രോണുകളെ നേരിടാൻ വേണ്ട സാങ്കേതിക വിദ്യയും അതിന്‍റെ ഫലപ്രാപ്‌തിയും പരിശോധിക്കാൻ അവരോട് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.