ലഖ്‌നൗ: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞും കയ്യേറ്റ ശ്രമം നടത്തിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. ലഖിംപൂർ ഖേരി ആക്രണമണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആശിഷ് മിശ്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രി മാധ്യമ പ്രവര്‍ത്തകരെ തിരിഞ്ഞത്.
സ്വന്തം മണ്ഡലമായ വടക്കൻ-മധ്യ ഉത്തർപ്രദേശിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കേന്ദ്ര മന്ത്രി മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. "നിരപരാധികളെ" അറസ്റ്റ് ചെയ്യുന്ന രീതിയില്‍ "തെറ്റായ ആരോപണങ്ങൾ" ഉന്നയിക്കുന്ന മാധ്യമ പ്രവർത്തകർ "കള്ളന്മാരാണ്" എന്ന് പറഞ്ഞ് മന്ത്രി അധിക്ഷേപം നടത്തുന്നതും വീഡിയോയില്‍ കേള്‍ക്കാം.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് കര്‍ഷക പ്രതിഷേധത്തിന് നേരെ വാഹനവ്യൂഹം ഇടിച്ച് കയറ്റുകയും വെടിവെയ്‌പ്പ് നടത്തുകയും ചെയ്‌ത സംഭവത്തിലാണ് അജയ് മിശ്ര മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെയുള്ളവര്‍ ജയിലിലായത്. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ആശിഷ് മിശ്രയ്‌ക്ക് പ്രധാന പങ്കാണുള്ളതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ആക്രണമണം മനപ്പൂര്‍വവും കരുതിക്കൂട്ടി ഉള്ളതുമാണെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയും ചെയ്‌തു. കേസില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ അനുമതി തേടി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
ആശിഷ് മിശ്ര, ലുവ്കുഷ്, ആശിഷ് പാണ്ഡെ, ശേഖർ ഭാരതി, അങ്കിത് ദാസ്, ലത്തീഫ്, ശിശുപാൽ, നന്ദൻ സിംഗ്, സത്യം ത്രിപാഠി, സുമിത് ജയ്‌സ്വാൾ, ധർമേന്ദ്ര ബഞ്ചാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരെയാണ് എസ്ഐടി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരെ ലഖിംപൂർ ഖേരി ജില്ല ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.