ഹൈദരാബാദ് :യുവതിയ്ക്ക് രണ്ട് തവണ കൊവിഡ് വാക്സിന്‍ നൽകി നഴ്‌സ്. ഹൈദരാബാദിലാണ് സംഭവം. രംഗറെഡ്ഡി ജില്ലയിലെ ഹയത്‌നഗർ രാജീവ് ഗ്രുഹകൽപ കോളനിയിൽ താമസിക്കുന്ന ലക്ഷ്മി പ്രസന്ന എന്ന യുവതിയാണ് വാക്സിന്‍ സ്വീകരിക്കുന്നതിനായി വ്യാഴാഴ്ച പെഡ ആംബർപേട്ടിലെ ജില്ല പരിഷത്ത് ഹൈസ്‌കൂളിൽ എത്തിയത്.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പത്മ എന്ന നഴ്‌സ് സെൽ ഫോണിൽ സംസാരിക്കുന്നതിനിടെ യുവതിയ്ക്ക് അബദ്ധത്തിൽ രണ്ട് പ്രാവശ്യം വാക്സിന്‍ കുത്തിവയ്ക്കുകയായിരുന്നു.
Also read: രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് ; 1576 മരണം
ഇതേത്തുടർന്ന് തളർച്ച തോന്നിയ യുവതിയെ വനസ്ഥലിപുരം ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ടു ദിവസം ഇവരെ പ്രത്യേക നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ആരോഗ്യനില ഭേദമായതിനാൽ ശനിയാഴ്ചയാണ് യുവതി ആശുപത്രി വിട്ടത്. അതേസമയം യുവതിയ്ക്ക് രണ്ട് ഡോസ് നൽകിയതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് രംഗറെഡ്ഡി ജില്ല ഡിഎംഎച്ച്ഒ സ്വരാജ്യലക്ഷ്മി പറഞ്ഞു.
ഫോണിൽ സംസാരിച്ചുകഴിഞ്ഞതിന് ശേഷമാണ് യുവതിയ്ക്ക് നഴ്‌സ് വാക്സിനേഷന്‍ നൽകിയതെന്നാണ് സ്വരാജ്യലക്ഷ്മിയുടെ വിശദീകരണം.അതേസമയം സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ്, അഡീഷണൽ ഡിഎംഎച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.