ന്യൂഡൽഹി : രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്ന സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വാജ്പേയി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോ പങ്കുവച്ചായിരുന്നു പരിഹാസം.
പെട്രോള്‍ ലിറ്ററിന് ഏഴുപൈസ കൂട്ടിയതിനെതിരെ 1973 ല്‍ ജനസംഘം( അക്കാലത്ത് ബി.ജെ.പി രൂപീകരിച്ചിട്ടില്ല) നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കാളവണ്ടിയില്‍ നടത്തിയ സമരത്തിന്‍റേതാണ് വീഡിയോ.
ദൃശ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പ്രതിഷേധത്തിന്‍റെ ഭാഗമായി വാജ്‌പേയി പാര്‍ലമെന്‍റിലേക്ക് കാളവണ്ടിയിലാണ് എത്തിയത്. എന്നാല്‍ ഇന്ന് സുരക്ഷാക്രമീകരണങ്ങള്‍ കാരണം ഇത്തരത്തിലൊരു പ്രതിഷേധം സാധ്യമല്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
ALSO READ:ഹെറോയിന്‍ കടത്തിയത് ടാല്‍ക്കം പൗഡറിന്‍റെ കണ്ടെയ്‌നറില്‍ ; പിടിച്ചത് 300 കോടിയുടേത്
പെട്രോള്‍ വില വര്‍ധനവിനുപുറമെ ഓര്‍ഡിനന്‍സ് മുഖേന ടാക്‌സ് ഏര്‍പ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നും അഴിമതിയും നികുതി ഈടാക്കലും ചേര്‍ന്നാല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന് സമമാണെന്നും വാജ്പേയിയുടെ സമരത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. പ്രസ്തുത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഇന്ധനവിലയ്‌ക്കെതിരെ വാജ്‌പേയി നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോ പങ്കുവച്ച് ബി.ജെ.പിയെ പരിഹസിച്ച് ശശി തരൂര്‍.
കാളവണ്ടി സമരം തിരുവനന്തപുരത്തും
രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ബി.ജെ.പി നേതാവ് വി മുരളീധരന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കാളവണ്ടി സമരം നടന്നിരുന്നു. കൂടാതെ വണ്ടിതള്ളിയും പ്രതിഷേധിച്ചിരുന്നു.
ഈ ചിത്രങ്ങള്‍ ഇന്ധനവില വര്‍ധനസമയത്ത് ട്രോളുകളായി പ്രചരിക്കാറുണ്ട്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ എണ്ണയ്ക്ക് വന്‍ വിലവര്‍ധനവാണ്. കൂടാതെ അടിക്കടി ഉയര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ സാമ്പത്തികമായി ഇന്ത്യയ്‌ക്ക് പിന്നിലുള്ള രാജ്യങ്ങളില്‍ പോലും ഇന്ധനവില വളരെ കുറവാണ്.