ന്യൂഡൽഹി: 36 മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ആളെ ഒരു വർഷം കരുതൽ തടങ്കലിൽ വയ്ക്കാൻ ഡൽഹി പൊലീസിന് അനുതി നൽകി കേന്ദ്ര ഉപദേശക സമിതി. അനധികൃത മയക്കുമരുന്ന് കടത്തൽ നിയമ പ്രകാരമാണ് നടപടി. രാജ്യത്ത് ഈ നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്ന ആദ്യത്തെ കേസാണിത്.
"1988ലെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ നിയമവിരുദ്ധ കടത്ത് തടയൽ (പിടിഎൻഡിപിഎസ്) നിയമപ്രകാരമാണ് പ്രതിയായ ഷറഫത്ത് ഷെയ്ക്ക് മുഹമ്മദ് അയ്യൂബിന് ഒരു വർഷത്തെ കരുതൽ തടങ്കൽ ശിക്ഷ വിധിച്ചത്. നിയമ വിരുദ്ധ മയക്കുമരുന്ന് കടത്ത് തടയാനാണ് നടപടി", പൊലീസ് അധികൃതർ പറഞ്ഞു.
അപൂർവമായ കേസ്
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചീഫിന്‍റെ നേതൃത്വത്തിൽ ആറ് അംഗങ്ങൾ അടങ്ങുന്ന സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ ഡൽഹി പൊലീസ് നിർദ്ദേശം അവതരിപ്പിച്ചു. മയക്കുമരുന്ന് കടത്തിൽ അയ്യൂബിന്‍റെ സജീവ പങ്കാളിത്തം കണക്കിലെടുത്ത് സമിതി ഇത് ഈ നിർദേശം ഉചിതമാണെന്ന് കണ്ടെത്തി. തുടർന്ന് ഏപ്രിൽ രണ്ടിനാണ് കരുതൽ തടങ്കലിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് ഹൈക്കോടതി ജഡ്ജിമാർ അടങ്ങുന്ന കേന്ദ്ര ഉപദേശക സമിതി ജൂൺ ഒന്നിന് തടവ് ഉത്തരവ് അംഗീകരിച്ചു.