മാരക്കേഷ് (മൊറോക്കോ): ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുകഴ്‌ത്തി അന്താരാഷ്‌ട്ര നാണയ നിധി (International Monetary Fund). ഇന്ത്യയിലെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥ വളരെ മികച്ചതാണെന്നും അത് സാമ്പത്തികമായി അച്ചടക്കമുള്ളതാണെന്നും, പണപ്പെരുപ്പം (Inflation) നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് (Reserve Bank Of India) അതിവേഗം നടപടികളെടുത്തതായും ഐഎംഎഫ് ഏഷ്യ പസഫിക് ഡയറക്‌ടര്‍ കൃഷ്‌ണ ശ്രീനിവാസൻ (Krishna Srinivasan, Director of Asia and Pacific Department, IMF) പറഞ്ഞു. 'ഏഷ്യ, പസഫിക് മേഖലയുടെ സാമ്പത്തിക വീക്ഷണം' എന്ന വിഷയത്തില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് (IMF Praises India- Countrys Macroeconomy is Sound and Fiscally Disciplined).
"അവർ (ഇന്ത്യ) സാമ്പത്തികമായി അച്ചടക്കമുള്ളവരാണ്. ഈ വർഷം സാമ്പത്തിക വളര്‍ച്ച 5.9 ശതമാനമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ സെൻട്രൽ ബാങ്ക് അതിവേഗം നീങ്ങി. ഏറ്റവും പുതിയ സംഖ്യ അഞ്ച് ശതമാനമായിരുന്നു (സെപ്റ്റംബറിൽ) അതുകൊണ്ട്, പണപ്പെരുപ്പം കുറയുകയാണ്. അതിനാൽ, മൊത്തത്തിൽ, ഇന്ത്യയിൽ മൊത്തത്തിലുള്ള സാമ്പത്തിക അന്തരീക്ഷം വളരെ മികച്ചതാണ്.” കൃഷ്‌ണ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഘട്ടത്തിൽ ഇന്ത്യയുടെ വളർച്ച വേഗത്തിലാക്കാന്‍ ഏത് തരത്തിലുള്ള നയപരമായ ഇടപെടലുകളാണ് ആവശ്യമെന്ന ചോദ്യത്തിന്, ഇന്ത്യയുടെ ഗണ്യമായ സാധ്യതകൾ കണക്കിലെടുത്ത് ഘടനാപരമായ പരിഷ്‌കാരങ്ങളെക്കുറിച്ച് രാജ്യം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യക്കുള്ള സുപ്രധാന സാധ്യതകൾ ശരിക്കും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ ഘടനാപരമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ഡിജിറ്റലൈസേഷനിലും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിലും ഇന്ത്യ എടുത്ത ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. എന്നാൽ അതിനുമപ്പുറം, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങൾ, തൊഴിൽ പരിഷ്‌കരണങ്ങൾ, വ്യാപാര നിയന്ത്രണങ്ങൾ നീക്കൽ എന്നിവയുണ്ടാകണം. ഇതെല്ലാം നിക്ഷേപകരുടെ കഴിവിനെ കൂടുതൽ പിന്തുണയ്ക്കുന്ന അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിലേക്ക് നീങ്ങും. ഇവയെ പിന്തുണക്കുന്നതില്‍ ഘടനാപരമായ പരിഷ്‌കാരങ്ങൾ പ്രധാനമായിരിക്കുമെന്ന് ഞാൻ കരുതുന്നു"- അദ്ദേഹം പറഞ്ഞു.