ചെന്നൈ:തമിഴ്‌നാട്ടിൽ കനത്ത മഴയെ (Heavy rain) തുടർന്നുള്ള മരണസംഖ്യ 12 ആയി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി സംസ്ഥാനത്ത് ദേശിയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി കെകെഎസ്‌എസ്ആർ രാമചന്ദ്രൻ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി(IMD) മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചെന്നൈ, തിരുവള്ളൂർ, കല്ലകുറിച്ചി, സേലം, വെല്ലൂർ, തിരുപ്പത്തൂർ, റാണിപേട്ട്, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിൽ ഇതിനകം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം വ്യാഴാഴ്‌ച വൈകുന്നേരത്തോടെ വടക്കൻ തമിഴ്‌നാട് തീരം തൊടുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.
തമിഴ്‌നാട്ടിൽ ശക്തമായ മഴ; മരണം 12 ആയി ശക്തമായ മഴ തുടരുന്നു
ന്യൂനമർദത്തെ തുടർന്ന് തമിഴ്‌നാടിന്‍റെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്‌ച ശക്തമായ മഴയാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിൽ തുടർച്ചയായി ശക്തമായ മഴയാണ് നിലവിലും ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈക്ക് സമീപമുള്ള ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയും ലഭിച്ചിരുന്നു. നാഗപട്ടണത്ത് 31 സെന്‍റി മീറ്റർ മഴയും കാരക്കലിൽ 29 സെന്‍റിമീറ്റർ മഴയും വേദാരണ്യത്ത് 25 സെന്‍റിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
വിമാന സർവീസുകൾ റദ്ദാക്കി
ശക്തമായ മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര- അന്താരാഷ്‌ട്ര വിമാന സർവീസുകൾ റീഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. അതേ സമയം ചില സർവീസുകൾ റദ്ദാക്കി. സംസ്ഥാനത്തെ ഒമ്പതോളം ജില്ലകളിൽ നവംബർ 10, 11 ദിവസങ്ങൾ അവധി ദിനങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
READ MORE:ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എംകെ സ്റ്റാലിന്‍