ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റിന്‍റെ ഫലമായി തെലങ്കാനയില്‍ പ്രളയ മുന്നറിയപ്പ്. വരുന്ന 24 മണിക്കൂറില്‍ പ്രളയ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബദ്രാദ്രി കോതഗുഡം, ഖമ്മം, ആദിലാബാദ്, ഭുവനഗിരി, ആസിഫാബാദ്, മഞ്ചേരിയൽ, നിർമ്മൽ, വാറങ്കൽ, പെദ്ദപ്പള്ളി കരിംനഗർ, രാജന്ന സിരിസില, ജയശങ്കർ ഭൂപൽപല്ലെ, മുലുഗു, ജഗിതാൽ, മഹബൂബാബാദ്, ജനഗോവൻ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ വെള്ളപ്പൊക്കം പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.
കൂടുതല്‍ വായനക്ക്: ഇരുട്ടടിയായി ഇന്ധനവില; ഡീസല്‍ വില വീണ്ടും കൂട്ടി
ചുഴലിക്കാറ്റിന്‍റെ ഫലമായി കനത്ത ന്യൂനമര്‍ദ്ദമാണ് രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനിടെ തെലങ്കാനയിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഹൈദരാബാദിലെ കാലാവസ്ഥാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ കെ നാഗരത്‌ന പറഞ്ഞു.
സംസ്ഥാനത്തേക്ക് കടന്ന ചുഴലിക്കാറ്റില്‍ ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏത് സാഹചര്യവും നേരിടാനും തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അപകട സാധ്യതയുള്ള കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.