ന്യൂഡല്‍ഹി:പതഞ്ജലി പുറത്തിറക്കിയ 'കൊറോണില്‍' മരുന്നിന് പ്രചാരം നല്‍കിയ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധനോട് വിശദീകരണം ആവശ്യപ്പെട്ട് ഐഎംഎ. കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന അവകാശ വാദം ഉന്നയിച്ചാണ് പതഞ്ജലി കൊറോണില്‍ പുറത്തിറക്കിയത്. രാജ്യത്തിന്‍റെ ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഉല്‍പന്നത്തെ രാജ്യത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് എത്രത്തോളം ന്യായമാണെന്ന് ഐഎംഎ ചോദിച്ചു. ഉല്‍പന്നത്തെ തെറ്റായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നത് എത്രത്തോളം ധാര്‍മികമാണെന്നും ഐഎംഎ ദേശീയ അധ്യക്ഷന്‍ ഡോ. ജയലാല്‍ ചോദിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് ഐഎംഎ ചില കോര്‍പ്പറേറ്റുകള്‍ക്ക് വാണിജ്യ നേട്ടമുണ്ടാക്കാനായി ആയുര്‍വേദത്തില്‍ മായം ചേര്‍ത്ത് മാനവികതയ്‌ക്ക് വിപത്ത് സൃഷ്‌ടിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ പെരുമാറ്റ ചട്ടത്തെ നിന്ദിച്ചതില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനില്‍ നിന്ന് വിശദീകരണം തേടുമെന്നും ഐഎംഎ പ്രസ്‌താവനയില്‍ പറയുന്നു. ഏതെങ്കിലും മരുന്നിന് അതിന്‍റെ ഘടനയില്‍ വ്യക്തത വരുത്താതെ പ്രചാരം നല്‍കുന്നത് അനീതിയാണെന്നും ഐഎംഎ വിശദീകരിക്കുന്നു.
കൊറോണിലിന് ഡബ്ല്യൂഎച്ച്‌ഒയുടെ അംഗീകാരം ലഭിച്ചതായി ബാബ രാംദേവ് അവകാശപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ബാബ രാംദേവിന്‍റെ അവകാശവാദം. എന്നാല്‍ ഈ അവകാശ വാദത്തെ നിഷേധിച്ച് ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്‌തിരുന്നു. ശാസ്‌ത്രീയമായി തെളിയിക്കാത്ത മരുന്നിന് പ്രചാരം നല്‍കിയ ആരോഗ്യമന്ത്രിയുടെ പ്രവൃത്തിയും മരുന്നിനെ നിഷേധിച്ച് ലോകാരോഗ്യ സംഘടന എത്തിയതും രാജ്യത്തെ ജനങ്ങള്‍ക്ക് അപമാനമുണ്ടായിരിക്കുകയാണെന്ന് ഐഎംഎ പ്രസ്‌താവനയില്‍ പറയുന്നു.
കൊവിഡിനെ പ്രതിരോധിക്കാന്‍ ഇതുവരെ ഒരു പരമ്പരാഗത മരുന്നിന്‍റെയും ഫലപ്രാപ്‌തി ലോകാരോഗ്യ സംഘടന വിശകലനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നാണ് ഡബ്ല്യൂഎച്ച്‌ഒ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഓഫീസ് ട്വീറ്റ് ചെയ്‌തത്. രാജ്യത്തിന്‍റെ ആരോഗ്യ മന്ത്രിയെന്ന നിലയിലും മോഡേണ്‍ മെഡിസിന്‍ ഡോക്‌ടര്‍ എന്ന നിലയിലും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മരുന്നിന്‍റെ ശാസ്‌ത്രീയ ഫലത്തെക്കുറിച്ച് വ്യക്തമാക്കാമോയെന്നും ഐഎംഎ ചോദിച്ചു. കൊവിഡിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും രോഗം വന്നതിന് ശേഷമുള്ള ചികിത്സയ്ക്കും കൊറോണില്‍ ഫലപ്രദമാണെന്നാണ് പതഞ്ജലി സ്ഥാപകനായ ബാബ രാം ദേവിന്‍റെ അവകാശവാദം.