ബിന്ധ് (മധ്യപ്രദേശ്): സിന്ധു നദിയില്‍ നിന്നും അനധികൃതമായി മണല്‍ കടത്താന്‍ എത്തിച്ച ട്രക്കുകള്‍ പ്രളയ ജലത്തില്‍ മുങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. നദിയിലെ മണല്‍ ഘനനം ജൂണ്‍ 30ന് അവസാനിപ്പിക്കാന്‍ കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് കാറ്റില്‍ പറത്തി മണല്‍ മാഫിയ വലിയ ട്രക്കുകള്‍ എത്തിച്ച് ഘനനം തുടരുകയായിരുന്നു.
ബിന്ധിലെ സിന്ധുനദി തീരത്ത് വന്‍ മണലെടുപ്പ്; പ്രളയ ജലത്തില്‍ അകപ്പെട്ട് ട്രക്കുകള്‍ മധ്യപ്രദേശിലെ ബിന്ധ് ജില്ലയിലെ പറയച്ച് ഗ്രാമത്തിലാണ് സംഭവം. ഘനനത്തിനായി എത്തിച്ച ട്രക്കുകള്‍ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. വാഹനങ്ങളിലെ ജീവനക്കാര്‍ ലോറികള്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇതോടെ പലരും നീന്തിയാണ് വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിന്‍റെ വീഡിയോകള്‍ സാമൂഹ മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്.
എന്നാല്‍ നിരോധനം ഉണ്ടായിട്ടും ഇത്രയേറെ ലോറികള്‍ എങ്ങനെ തീരത്ത് എത്തി എന്നതിന് അധികാരികള്‍ക്ക് മറുപടിയില്ല. വിഷയം ചൂണ്ടിക്കാട്ടി ജില്ല ഭരണകൂടത്തെയും പൊലീസിനേയും ബന്ധപ്പെട്ടെങ്കിലും അറിയില്ലെന്നാണ് ഇവരുടെ മറുപടി. 2019ല്‍ സിന്ധുതീരത്ത് മണലെടുക്കാന്‍ പവര്‍മേക്ക് എന്നൊരു കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ മാഫിയയുടെ ഇടപെടല്‍ കാരണം കമ്പനിക്ക് കരാര്‍ വേണ്ടെന്ന് വെക്കേണ്ടി വന്നു. ജൂണ്‍ 30ന് അംഗീകൃത മണല്‍ഘനനം നിരോധിച്ചതോടെ പ്രദേശത്ത് കമ്പനിയുടെ സാന്നിധ്യമില്ല. ഇതോടെ മണല്‍ മാഫിയ വലിയ രീതിയില്‍ കടത്തുകയായിരുന്നു.
Also Read: video: ടോൾപ്ലാസ ജീവനക്കാരനെ ഇടിച്ചിട്ട് ട്രക്ക്, അപകടം പിന്നില്‍ മറ്റൊരു ട്രക്കിടിച്ച്; സിസിടിവി ദൃശ്യം