ന്യൂഡല്‍ഹി: അനധികൃത ഡ്രോൺ നിരീക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ ജമ്മു കശ്‌മീരില്‍ തെരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ല ഉൾപ്പെടെ നിരവധി സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് എൻഐഎ അറിയിച്ചു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ അയൽരാജ്യമായ പാകിസ്ഥാനിൽ നിന്ന് 191 ഡ്രോണുകൾ ഇന്ത്യൻ പ്രദേശത്തേക്ക് അനധികൃതമായി കടന്നു എന്നാണ് സുരക്ഷ സേനയുടെ റിപ്പോര്‍ട്ട്.
ഇത് രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കകൾ ഉയർത്തുന്നു. പാകിസ്ഥാന്‍റെ ഭാഗത്തു നിന്നുള്ള ഇത്തരം നിയമവിരുദ്ധ ശ്രമങ്ങൾ തടയാൻ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷ സേനയുടെ വിവരങ്ങള്‍ കേന്ദ്ര സർക്കാർ അടുത്തിടെ പങ്കുവച്ചിരുന്നു. ഇന്ന് (ഒക്‌ടോബര്‍ 14) പുലർച്ചെ പഞ്ചാബിലെ ഗുരുദാസ്‌പൂർ മേഖലയിലേക്ക് കടന്ന പാകിസ്ഥാന്‍റെ ഡ്രോണ്‍ അതിർത്തി സുരക്ഷ സേനയുടെ (ബിഎസ്എഫ്) സൈന്യം വെടിവച്ചിട്ടു.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇന്ത്യയിലേക്ക് എത്തിയ 191 ഡ്രോണുകളില്‍ 171 എണ്ണം പഞ്ചാബ് മേഖലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. 20 എണ്ണം ജമ്മു മേഖലയിലൂടെയും ഇന്ത്യയിലെത്തി എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിൽ നിന്ന് ജമ്മുവിലെയും പഞ്ചാബിലെയും അന്താരാഷ്‌ട്ര അതിർത്തിയിലൂടെ ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും മയക്കുമരുന്നുകളും കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം. അതിര്‍ത്തി പ്രദേശങ്ങളിലെ വര്‍ധിച്ച ഡ്രോണ്‍ പ്രവര്‍ത്തനം സംബന്ധിച്ച് അടുത്തിടെ ശ്രീനഗറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത സുരക്ഷ അവലോകന യോഗത്തിൽ ചര്‍ച്ച ചെയ്‌തിരുന്നു.
ഡ്രോണുകളില്‍ മാരക സ്‌ഫോടക വസ്‌തുക്കള്‍:ബിഎസ്എഫ് ഇതുവരെ വെടിവച്ചിട്ട ഡ്രോണുകളിൽ നിന്ന്, പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച എകെ സീരീസിലെ വിവിധ റൈഫിളുകൾ, പിസ്റ്റളുകൾ, എംപി 4 കാർബൈനുകൾ, കാർബൈൻ മാഗസിനുകൾ, ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഗ്രനേഡുകൾ, മയക്കുമരുന്ന് എന്നിവ കണ്ടെത്തിയിട്ടുണ്ട്. കശ്‌മീര്‍ താഴ്‌വരയിലും പഞ്ചാബിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആയുധങ്ങള്‍ എത്തിക്കാനും ഹെറോയിൻ പോലുള്ള മയക്കുമരുന്ന് എത്തിക്കാനും ഡ്രോണുകള്‍ ഉപയോഗിക്കുന്നു എന്നാണ് സുരക്ഷ ഏജൻസികൾ, ബിഎസ്എഫ് ഇന്‍റലിജൻസ് വിഭാഗം, ജമ്മു കശ്‌മീർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നല്‍കുന്ന വിവരം.